ഗാസിയാബാദ്: പ്രശസ്ത ഹരിയാൻവി നടിയും സോഷ്യൽ മീഡിയ താരവുമായ ദിവ്യാങ്ക സിരോഹി (30) അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ചൊവ്വാഴ്ച രാത്രിയോടെ ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള വസതിയിൽ വെച്ച് പെട്ടെന്നുണ്ടായ ശാരീരിക അസ്വാസ്ഥ്യത്തെത്തുടർന്ന് കുഴഞ്ഞുവീഴുകയായിരുന്നു. ഉടൻ തന്നെ ബന്ധുക്കൾ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.(Haryanvi Actor Divyanka Sirohi Dies At 30 In Ghaziabad)
ഉത്തർപ്രദേശിലെ ബുലന്ദ്ഷഹറിലാണ് ദിവ്യാങ്ക ജനിച്ചത്. ഹരിയാൻവി സംഗീത ലോകത്തെ ശ്രദ്ധേയ സാന്നിധ്യമായിരുന്നു ദിവ്യാങ്ക. അമ്പതിലധികം മ്യൂസിക് വീഡിയോകളിൽ അഭിനയിച്ചിട്ടുണ്ട്. പ്രശസ്ത ഗായകൻ മാസൂം ശർമ്മയോടൊപ്പമുള്ള ഗാനങ്ങളാണ് ദിവ്യാങ്കയെ ജനപ്രിയയാക്കിയത്.
ഇൻസ്റ്റാഗ്രാമിൽ മാത്രം 13 ലക്ഷത്തിലധികം ഫോളോവേഴ്സ് ദിവ്യാങ്കയ്ക്കുണ്ട്. ടിക് ടോക്കിലൂടെയാണ് താരം തന്റെ കലാജീവിതം ആരംഭിച്ചത്. ഗാസിയാബാദിലെ രാജ്‌നഗർ എക്സ്റ്റൻഷനിലുള്ള മോക്ഷ് സ്ഥൽ ഹിൻഡനിൽ ബുധനാഴ്ച രാവിലെ 9:30-ഓടെ അന്ത്യകർമ്മങ്ങൾ നടന്നു. സഹോദരൻ ഹിമാൻഷു സിരോഹിയാണ് കർമ്മങ്ങൾക്ക് നേതൃത്വം നൽകിയത്.

