വാഷിങ്ടൺ: ഇറാനുമായുള്ള രണ്ടാഴ്ചത്തെ വെടിനിർത്തൽ നാളെ അവസാനിക്കാനിരിക്കെ നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് (Donald Trump Iran Ceasefire). സമാധാന ചർച്ചകൾക്കായി അമേരിക്ക പരമാവധി ശ്രമിച്ചെങ്കിലും ഇറാൻ അനുകൂലമായി പ്രതികരിച്ചില്ലെന്ന് ട്രംപ് കുറ്റപ്പെടുത്തി. അതിനാൽ തന്നെ വെടിനിർത്തൽ നീട്ടി വൈക്കില്ലെന്നും ട്രംപ് അറിയിച്ചതായാണ് റിപ്പോർട്ട്.
“വെടിനിർത്തൽ ഇനിയും നീട്ടിക്കൊണ്ടുപോകേണ്ടതില്ലെന്നാണ് ഞാൻ കരുതുന്നത്. ഞങ്ങൾക്ക് അതിനായി കളയാൻ സമയമില്ല. അമേരിക്ക മുന്നോട്ടുവെച്ച സമാധാന വാഗ്ദാനങ്ങൾ മികച്ചതായിരുന്നു, എന്നാൽ ഇറാൻ അത് പ്രയോജനപ്പെടുത്തിയില്ല. ഇറാന് മുന്നിൽ ഇനി മറ്റ് വഴികളില്ല.”-ട്രംപ് വ്യക്തമാക്കിയതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
അതേസമയം , മധ്യസ്ഥ ചർച്ചകൾ നടക്കുന്നതിനിടെ ഹോർമുസ് കടലിടുക്കിൽ യുഎസ് നാവിക ഉപരോധം ഏർപ്പെടുത്തിയത് പ്രശ്നം വഷളാക്കി. ഉപരോധം പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് ഇറാൻ. ഇറാൻ പതാകയുള്ള വാണിജ്യ കപ്പൽ യുഎസ് നാവികസേന പിടിച്ചെടുത്തതിനെ ‘കടൽക്കൊള്ള’ എന്നാണ് ഇറാൻ വിശേഷിപ്പിച്ചത്. അമേരിക്കയിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്നും ശക്തമായി തിരിച്ചടിക്കുമെന്നും ഇറാൻ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി.
ഫെബ്രുവരി 28-ന് ആരംഭിച്ച ഇസ്രായേൽ-യുഎസ് സംയുക്ത ആക്രമണത്തിൽ ഇറാനിൽ വൻ നാശനഷ്ടങ്ങളാണ് ഉണ്ടായത്. 20,000-ത്തിലധികം പേർക്ക് പരിക്കേറ്റതായും കൊല്ലപ്പെട്ടവരിൽ ഭൂരിഭാഗവും സ്ത്രീകളും കുട്ടികളുമാണെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
പാകിസ്താന്റെ മധ്യസ്ഥതയിൽ സമാധാന ചർച്ചകൾ നടക്കുമെന്ന പ്രതീക്ഷകൾക്കിടെയാണ് ട്രംപിന്റെ ഈ കടുത്ത നിലപാട് പുറത്തുവന്നിരിക്കുന്നത്. നാളെ വെടിനിർത്തൽ കാലാവധി അവസാനിക്കുന്നതോടെ മേഖലയിൽ ആക്രമണങ്ങൾ പുനരാരംഭിക്കാനാണ് സാധ്യത.
Story Summary: US President Donald Trump announced that the two-week ceasefire with Iran in the Middle East conflict will not be extended. He stated that Iran failed to cooperate with US peace proposals. Tensions escalated recently after the US seized an Iranian commercial vessel and imposed a naval blockade in the Strait of Hormuz. The war, which intensified following a joint US-Israeli strike on February 28, has already caused thousands of casualties in Iran.

