തൃശ്ശൂർ: പൂരത്തിന് കൊടിയേറിയിരിക്കെ മുണ്ടത്തിക്കോട്ടുള്ള വെടിക്കെട്ട് നിർമ്മാണ കേന്ദ്രത്തിൽ വൻ സ്ഫോടനം. 3 പേർക്ക് ദാരുണാന്ത്യം. തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് സാമഗ്രികൾ സൂക്ഷിച്ചിരുന്ന സാമ്പിൾ പുരയിലാണ് അപകടമുണ്ടായത്. പ്രാഥമിക വിവരങ്ങൾ പ്രകാരം തൊഴിലാളികൾ ഉൾപ്പെടെ 40 പേർക്ക് പരിക്കേറ്റിട്ടുണ്ട്.(Explosion at Thrissur Pooram fireworks display, 3 dead, around 40 injured)
പൂരത്തിനായുള്ള വെടിക്കെട്ട് സാമഗ്രികൾ നിർമ്മിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കിലോമീറ്ററുകൾ ദൂരേക്ക് വരെ സ്ഫോടന ശബ്ദം കേട്ടതായും സമീപത്തെ വീടുകൾക്ക് കുലുക്കം അനുഭവപ്പെട്ടതായും നാട്ടുകാർ പറയുന്നു. പോലീസ് ഉദ്യോഗസ്ഥരും ഫയർഫോഴ്സും ആംബുലൻസുകളും സംഭവസ്ഥലത്തെത്തി. സ്ഥലത്ത് സ്ഫോടനശബ്ദം തുടരുന്നുണ്ട്. 10ഓളം പേർ ഗുരുതരാവസ്ഥയിലാണ് എന്നാണ് വിവരം. രക്ഷാപ്രവർത്തനത്തിനിടയിലും സ്ഫോടനം ഉണ്ടായി.
വൈകിട്ട് മൂന്നരയോടെയാണ് അപകടം ഉണ്ടായത്. പ്രദേശത്ത് ഇപ്പോഴും സ്ഫോടനം നടക്കുകയാണ്. അഞ്ച് താത്ക്കാലിക പുരകളിലായാണ് പടക്ക നിർമാണം നടന്നത്. അഞ്ചിടത്തും തീ പടർന്നു. പരിക്കേറ്റവരുടെ എണ്ണം കൂടാൻ സാധ്യതയുള്ളതിനാൽ മെഡിക്കൽ കോളേജിനോടും ജില്ലയിലെ പ്രമുഖ ആശുപത്രികളോടും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ സജ്ജമായിരിക്കാൻ ജില്ലാ ഭരണകൂടം നിർദ്ദേശം നൽകി. തിരുവമ്പാടി വിഭാഗം സാമ്പിൾ പുരയിലാണ് സംഭവമെന്നാണ് വിവരം.
സംഭവസ്ഥലത്ത് ഇനിയും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നത് രക്ഷാപ്രവർത്തനത്തിന് വെല്ലുവിളിയാകുന്നുണ്ട്. പരിക്കേറ്റവർക്ക് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കാൻ ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് നിർദ്ദേശം നൽകി. തൃശ്ശൂർ മെഡിക്കൽ കോളേജിൽ പ്രത്യേക ചികിത്സാ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. കനിവ് 108 ആംബുലൻസുകൾ ഉൾപ്പെടെ കൂടുതൽ ആംബുലൻസുകളെ പ്രദേശത്തേക്ക് നിയോഗിച്ചിട്ടുണ്ട്. മറ്റ് സ്വകാര്യ ആശുപത്രികളോടും സജ്ജമായിരിക്കാൻ ആവശ്യപ്പെട്ടു. വെടിക്കെട്ട് പുരയിൽ നിന്ന് ഇപ്പോഴും സ്ഫോടന ശബ്ദങ്ങൾ കേൾക്കുന്നതും പ്രദേശം പുകയാൽ നിറഞ്ഞതും രക്ഷാപ്രവർത്തകരെ കുഴപ്പിക്കുന്നു. സ്ഫോടക വസ്തുക്കൾ പൂർണ്ണമായും നിർവീര്യമാക്കാൻ സാധിക്കാത്തതിനാൽ തീ നിയന്ത്രണവിധേയമാക്കാൻ ഫയർഫോഴ്സ് പാടുപെടുകയാണ്. കിലോമീറ്ററുകൾ ദൂരേക്ക് സ്ഫോടനത്തിന്റെ പ്രകമ്പനം ഉണ്ടായതായാണ് റിപ്പോർട്ട്. തൃശ്ശൂർ പൂരത്തിനായുള്ള ഒരുക്കങ്ങൾക്കിടെയാണ് ഈ ദാരുണ സംഭവമുണ്ടായത്.

