ന്യൂഡൽഹി: ആഗോളതാപനം കേവലം ഒരു പരിസ്ഥിതി പ്രശ്നം മാത്രമല്ലെന്നും അത് പടരുന്നതും അല്ലാത്തതുമായ രോഗങ്ങളുടെ വർധനവിന് നേരിട്ട് കാരണമാകുന്നുവെന്നും കേന്ദ്രമന്ത്രി ജിതേന്ദ്ര സിംഗ് പറഞ്ഞു. തിങ്കളാഴ്ച നടന്ന ‘ഗ്ലോബൽ ഹീറ്റ് ആൻഡ് കൂളിംഗ് ഫോറത്തിൽ’ സംസാരിക്കുകയായിരുന്നു അദ്ദേഹം.(Rising Temperatures Linked To Increasing Health Risks, says Jitendra Singh)
താപസമ്മർദ്ദം കാരണം ഡെങ്കിപ്പനി പോലുള്ള ഉഷ്ണമേഖലാ രോഗങ്ങളും ഹൃദ്രോഗം പോലുള്ള ജീവിതശൈലി രോഗങ്ങളും വർധിച്ചുവരികയാണ്. കാലാവസ്ഥാ വ്യതിയാനത്തിനെതിരെയുള്ള പോരാട്ടം ഇനിമുതൽ പൊതുജനാരോഗ്യ മുൻഗണനയായി കാണണം. ഉഷ്ണമേഖലാ രോഗങ്ങളെയും ജീവിതശൈലി രോഗങ്ങളെയും ഒരേസമയം നേരിടേണ്ടി വരുന്ന സാഹചര്യമാണ് ഇന്ത്യക്കുള്ളതെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
ഇന്ത്യയുടെ സവിശേഷമായ ഭൂപ്രകൃതിയും കാലാവസ്ഥയും കാരണം ഒരേസമയം വിവിധ ഭാഗങ്ങളിൽ കടുത്ത ചൂടും കടുത്ത തണുപ്പും അനുഭവപ്പെടുന്നുണ്ട്. ഈ വൈവിധ്യം കാരണം ആഗോള മാതൃകകൾ അതേപടി അനുകരിക്കുന്നതിന് പകരം ഇന്ത്യക്കായി പ്രത്യേക തന്ത്രങ്ങൾ ആവിഷ്കരിക്കേണ്ടതുണ്ട്. നാച്ചുറൽ റിസോഴ്സ് ഡിഫൻസ് കൗൺസിൽ, ഡിപ്പാർട്ട്മെന്റ് ഓഫ് സയൻസ് ആൻഡ് ടെക്നോളജി, നാഷണൽ ഡിസാസ്റ്റർ മാനേജ്മെന്റ് അതോറിറ്റി എന്നിവയുടെ സഹകരണത്തോടെയാണ് ഫോറം സംഘടിപ്പിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലമുണ്ടാകുന്ന അമിതമായ ചൂട് ആഗോള പ്രതിഭാസമാണെങ്കിലും പ്രാദേശികമായ പരിഹാരങ്ങൾ ആവശ്യമാണെന്നും ശാസ്ത്ര സാങ്കേതിക വകുപ്പിന്റെ സ്വതന്ത്ര ചുമതലയുള്ള മന്ത്രി വ്യക്തമാക്കി.

