ന്യൂഡൽഹി: ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ ഏപ്രിൽ മുതൽ ജൂൺ വരെയുള്ള മാസങ്ങളിൽ ഉഷ്ണതരംഗത്തിന്റെ ആവൃത്തി വർദ്ധിക്കുമെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ് (India Heatwave Forecast April June). ഉത്തരേന്ത്യൻ സമതലം, കിഴക്കൻ തീരദേശ സംസ്ഥാനങ്ങൾ, ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ ഇടങ്ങളിൽ സാധാരണയേക്കാൾ കൂടുതൽ ദിവസം കടുത്ത ചൂട് അനുഭവപ്പെടുമെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപാത്ര വ്യക്തമാക്കി.
മഹാരാഷ്ട്രയിലെ വിദർഭ മേഖലയിൽ നിലവിൽ തന്നെ താപനില 41-42 ഡിഗ്രി സെൽഷ്യസാണ്. മെയ് മാസത്തോടെ ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിൽ ചൂട് 44 ഡിഗ്രി വരെ ഉയർന്നേക്കാം. പശ്ചിമ ബംഗാൾ, ഒഡീഷ, ആന്ധ്രാപ്രദേശ്, ചത്തീസ്ഗഡ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളിലും ഉഷ്ണതരംഗത്തിന് സാധ്യതയുണ്ട്. വെയിലത്ത് ജോലി ചെയ്യുന്നവർക്കും വഴിയോര കച്ചവടക്കാർക്കും കൃത്യസമയത്ത് വിവരം എത്തിക്കാൻ വാട്സാപ്പ് ഗ്രൂപ്പുകൾ സജീവമാക്കിയിട്ടുണ്ട്. നാഷണൽ ഡിസസ്റ്റർ മാനേജ്മെന്റ് അതോറിറ്റിയുടെ (NDMA) സഹകരണത്തോടെ മൊബൈൽ ഫോണുകളിലേക്ക് നേരിട്ട് മുന്നറിയിപ്പ് നൽകുന്ന സംവിധാനവും ഒരുക്കിയിട്ടുണ്ട്.
ചൂടിനെ പ്രതിരോധിക്കാനുള്ള മാർഗ്ഗങ്ങൾ സൂചിപ്പിക്കുന്ന ഡിസ്പ്ലേ ബോർഡുകൾ പൊതുസ്ഥലങ്ങളിൽ സ്ഥാപിക്കും. ഓരോ വ്യാഴാഴ്ചയും അടുത്ത നാലാഴ്ചത്തെ കാലാവസ്ഥാ അവലോകനം ഐഎംഡി പുറത്തിറക്കുന്നുണ്ട്. കൂടാതെ ജില്ലാതലത്തിൽ ഏഴ് ദിവസത്തെ മുന്നറിയിപ്പും നൽകിവരുന്നു. കാലവർഷം എത്തുന്നതിന് മുൻപുള്ള മാസങ്ങളിൽ താപനില ഉയരുന്നത് സ്വാഭാവികമാണെങ്കിലും, ഇത്തവണത്തെ ഉഷ്ണതരംഗ സാധ്യതകൾ കണക്കിലെടുത്ത് ആവശ്യമായ മുൻകരുതലുകൾ എടുക്കാൻ അധികൃതർ നിർദ്ദേശിച്ചു.
Summary: The India Meteorological Department (IMD) has warned of an increased number of heatwave days across India from April to June 2026. Regions including the Indo-Gangetic plains, Gujarat, Maharashtra, Odisha, and Andhra Pradesh are expected to witness temperatures exceeding 40°C. IMD Director General Mrutyunjay Mohapatra stated that alerts are being disseminated through WhatsApp groups and NDMA’s Common Alert Protocol to protect outdoor workers and vulnerable populations. District-level warnings and seasonal outlooks are also being regularly updated.

