ടെഹ്‌റാൻ: ഇറാനുമായുള്ള സംഘർഷത്തിൽ അമേരിക്ക ബഹുദൂരം മുന്നിലാണെന്നും ഇറാൻ്റെ സൈനികശേഷി തകർന്നതായും യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. വെടിനിർത്തൽ കരാറിനുള്ള സമയപരിധി അവസാനിക്കാനിരിക്കെയാണ് ഇറാനെതിരെ രൂക്ഷമായ ഭാഷയിൽ ട്രംപ് രംഗത്തെത്തിയത്. അതേസമയം, അമേരിക്കയുടെ നാവിക ഉപരോധത്തിൽ പ്രതിഷേധിച്ച് ചർച്ചകളിൽ നിന്ന് ഇറാൻ വിട്ടുനിൽക്കുകയാണ്.( Trump says the War is being won, Iran will not surrender, ceasefire will end soon)
താൻ ഒരു യുദ്ധം ജയിച്ചുകൊണ്ടിരിക്കുകയാണെന്നും യുഎസ് സൈന്യം അത്ഭുതകരമായ പ്രകടനമാണ് നടത്തുന്നതെന്നും ട്രംപ് തൻ്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ‘ട്രൂത്ത് സോഷ്യലിൽ’ കുറിച്ചു. ഇറാൻ്റെ നാവികസേന പൂർണ്ണമായും തുടച്ചുനീക്കപ്പെട്ടുവെന്നും വ്യോമസേന ഒളിവിലാണെന്നുമാണ് ട്രംപിൻ്റെ അവകാശവാദം. യുഎസ് ഏർപ്പെടുത്തിയ ഉപരോധം ഇറാനെ സാമ്പത്തികമായി തകർക്കുകയാണെന്നും പ്രതിദിനം 500 മില്യൺ ഡോളറിൻ്റെ നഷ്ടമാണ് അവർക്കുണ്ടാകുന്നതെന്നും ട്രംപ് പറഞ്ഞു. 2015-ലെ ആണവ കരാറിനേക്കാൾ ശക്തമായ ഒന്നായിരിക്കും താൻ കൊണ്ടുവരുന്നത്. മുൻപത്തെ കരാർ ചരിത്രത്തിലെ ഏറ്റവും മോശമായ ഒന്നായിരുന്നുവെന്നും അദ്ദേഹം വിമർശിച്ചു. അമേരിക്കൻ മാധ്യമങ്ങൾ തെറ്റായ വാർത്തകൾ നൽകുകയാണെന്നും ട്രംപ് ആരോപിച്ചു.
അമേരിക്കയുടെ ഭീഷണിക്ക് മുന്നിൽ കീഴടങ്ങാൻ തയ്യാറല്ലെന്ന് ഇറാൻ പ്രസിഡന്റ് വ്യക്തമാക്കി. ഹോർമുസ് കടലിടുക്കിൽ ഇറാൻ കപ്പലുകൾക്ക് അമേരിക്ക നാവിക ഉപരോധം ഏർപ്പെടുത്തിയതാണ് ഇറാന്റെ പ്രകോപനത്തിന് പ്രധാന കാരണം. ഇത് വെറും ‘കടൽക്കൊള്ള’ ആണെന്നാണ് ഇറാന്റെ പക്ഷം. അമേരിക്ക പിടിച്ചെടുത്ത കപ്പലിന് പകരമായി ശക്തമായ തിരിച്ചടി നൽകാൻ ഇറാൻ സൈന്യം ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ. ഉപരോധം നീക്കാതെ ചർച്ചയ്ക്കില്ലെന്നും, ആവശ്യമെങ്കിൽ ചെങ്കടൽ തീരത്തെ സൗദി തുറമുഖങ്ങൾ ഉൾപ്പെടെയുള്ള മേഖലകളെ യുദ്ധമുഖമാക്കി മാറ്റുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
സംഘർഷം ലഘൂകരിക്കാൻ പാകിസ്ഥാൻ്റെ നേതൃത്വത്തിൽ സജീവമായ ചർച്ചകൾ നടക്കുന്നുണ്ട്. പാക് പ്രധാനമന്ത്രിയും സൈനിക മേധാവി അസീം മുനീറും വിഷയത്തിൽ ഇടപെടുന്നുണ്ട്. അടുത്ത ഘട്ട ചർച്ചകൾക്കായി യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദിലെത്തുമെന്ന് ട്രംപ് അറിയിച്ചെങ്കിലും ഇറാൻ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല. അതിനിടെ, മേഖലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ മാറിമറിയുകയാണ്. ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാനുമായി സംസാരിക്കുകയും സൗദിക്ക് കൂടുതൽ സഹകരണം വാഗ്ദാനം ചെയ്യുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളിലെ നയതന്ത്ര നീക്കങ്ങൾ പശ്ചിമേഷ്യയുടെ ഭാവി നിർണ്ണയിക്കുന്നതിൽ നിർണ്ണായകമാകും.

