മോസ്കോ: റഷ്യയിലെ സ്റ്റാവ്രോപോൾ മേഖലയിൽ സ്ഫോടനം നടത്താൻ പദ്ധതിയിട്ട 57 വയസ്സുള്ള ജർമ്മൻ സ്വദേശിനിയെ റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസ് പിടികൂടി ( German Woman Detained Russia). ഇവരുടെ ബാഗിൽ നിന്നും 1.5 കിലോഗ്രാം ടി.എൻ.ടി ശേഷിയുള്ള ബോംബ് കണ്ടെടുത്തു. യുക്രെയ്ൻ രഹസ്യാന്വേഷണ വിഭാഗം ആസൂത്രണം ചെയ്ത ‘ഫോൾസ് ഫ്ലാഗ്’ ഓപ്പറേഷന്റെ ഭാഗമാണിതെന്ന് റഷ്യ ആരോപിച്ചു.
ഒരു കാർ പാർക്കിംഗിൽ വെച്ചാണ് സ്ത്രീയെ സുരക്ഷാ സേന പിടികൂടിയത്. ഇവരുടെ ബാഗ് ബോംബ് സ്ക്വാഡ് പിന്നീട് സ്ഫോടനത്തിലൂടെ നിർവീര്യമാക്കി. ഇതിന്റെ ദൃശ്യങ്ങൾ റഷ്യ പുറത്തുവിട്ടിട്ടുണ്ട്. ഒരു അന്താരാഷ്ട്ര ഭീകരസംഘടനയുടെ അംഗങ്ങളെന്ന വ്യാജേന യുക്രെയ്ൻ പ്രത്യേക സേനയാണ് ഈ നീക്കങ്ങൾ ഏകോപിപ്പിച്ചതെന്ന് എഫ്.എസ്.ബി അവകാശപ്പെട്ടു. മധ്യേഷ്യയിൽ നിന്നുള്ള മറ്റൊരാളെയും സംഭവവുമായി ബന്ധപ്പെട്ട് റഷ്യൻ സേന കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഇയാൾ ഒരു ഭീകരസംഘടനയ്ക്ക് വേണ്ടിയാണ് താൻ പ്രവർത്തിക്കുന്നതെന്നാണ് കരുതിയിരുന്നത്. സ്റ്റാവ്രോപോൾ മേഖലയിലെ ഒരു നിയമപാലക കേന്ദ്രത്തിന് നേരെ സ്ഫോടനം നടത്തുകയായിരുന്നു ഇവരുടെ ലക്ഷ്യമെന്ന് റഷ്യൻ ഉദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ച് യുക്രെയ്ൻ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. റിപ്പോർട്ടിലെ വിവരങ്ങൾ സ്വതന്ത്രമായി സ്ഥിരീകരിക്കാൻ സാധിച്ചിട്ടില്ലെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് വ്യക്തമാക്കി.
Summary: Russia’s Federal Security Service (FSB) on Monday detained a 57-year-old German woman in the Stavropol region, alleging she was carrying a bomb with 1.5 kg of TNT. The FSB claimed the act was part of a “false-flag” operation directed by Ukrainian intelligence. A citizen from Central Asia was also detained in connection with the plot. While Russia released footage of the arrest and the controlled explosion of the rucksack, Ukraine has not yet commented on the allegations.

