വാഷിംഗ്ടൺ: ഇറാനുമായുള്ള രണ്ടാം ഘട്ട ചർച്ചകൾക്കായി അമേരിക്കൻ പ്രതിനിധികൾ നാളെ ഇസ്ലാമാബാദിലെത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചു (Donald Trump Iran Threat). അതേസമയം, യുഎസ് മുന്നോട്ട് വെക്കുന്ന കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാനിലെ ഊർജ്ജനിലയങ്ങളും പാലങ്ങളും തകർക്കുമെന്ന കടുത്ത ഭീഷണിയും അദ്ദേഹം മുഴക്കി. ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം.
ഹോർമുസ് കടലിടുക്കിൽ ഇറാൻ നടത്തിയ വെടിവെപ്പ് സമാധാന കരാറിന്റെ നഗ്നമായ ലംഘനമാണെന്ന് ട്രംപ് ആരോപിച്ചു. ഫ്രഞ്ച്, യുകെ കപ്പലുകളെ ലക്ഷ്യം വെച്ചുള്ള നീക്കം അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഹോർമുസ് കടലിടുക്ക് അടയ്ക്കാനുള്ള ഇറാന്റെ നീക്കത്തെ ട്രംപ് പരിഹസിച്ചു. അമേരിക്കൻ ഉപരോധം മൂലം പ്രദേശം നേരത്തെ തന്നെ അടഞ്ഞ നിലയിലാണെന്നും, ഇതുവഴി ഇറാൻ പ്രതിദിനം 500 മില്യൺ ഡോളറിന്റെ നഷ്ടമാണ് നേരിടുന്നതെന്നും അദ്ദേഹം പറഞ്ഞു. “ഇനി മിസ്റ്റർ നൈസ് ഗൈ കളിയില്ല” എന്ന് വ്യക്തമാക്കിയ ട്രംപ്, കരാർ അംഗീകരിച്ചില്ലെങ്കിൽ ഇറാൻ എന്ന ‘കില്ലിംഗ് മെഷീനെ’ തകർക്കുമെന്ന് മുന്നറിയിപ്പ് നൽകി. കഴിഞ്ഞ 47 വർഷമായി മറ്റ് പ്രസിഡന്റുമാർ ചെയ്യാത്ത കാര്യം താൻ ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പാകിസ്താനിലെ ഇസ്ലാമാബാദിൽ നടക്കുന്ന രണ്ടാം ഘട്ട ചർച്ചകൾക്കായി അമേരിക്കൻ സംഘം നാളെ വൈകുന്നേരം എത്തും. എന്നാൽ ചർച്ചയിൽ പങ്കെടുക്കുന്നത് സംബന്ധിച്ച് ഇറാൻ ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. അമേരിക്ക മുന്നോട്ട് വെക്കുന്ന “ന്യായമായ കരാർ” ഇറാൻ സ്വീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും, അല്ലാത്തപക്ഷം രാജ്യം വലിയ വില നൽകേണ്ടി വരുമെന്നുമാണ് ട്രംപിന്റെ നിലപാട്.
Summary: US President Donald Trump announced that American delegates will reach Islamabad tomorrow evening for the second round of peace talks with Iran. In a stern warning posted on Truth Social, Trump threatened to destroy Iran’s power plants and bridges if the proposed “fair deal” is not accepted. He criticized Iran for firing in the Strait of Hormuz, calling it a violation of the ceasefire, and mocked Iran’s plan to close the strait, stating US sanctions had already effectively shut it down. Trump concluded by saying it’s time to destroy the “Iranian killing machine” if they refuse to cooperate.

