വാഷിംഗ്ടൺ: ഇസ്രായേലിനെ അമേരിക്കയുടെ ധീരവും വിശ്വസ്തവുമായ സഖ്യകക്ഷിയെന്ന് വിശേഷിപ്പിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിലെ സാഹചര്യത്തിൽ ഇസ്രായേലിനോട് ഇഷ്ടമുള്ളവരും ഇല്ലാത്തവരും ഉണ്ടാകാം, എന്നാൽ പ്രതിസന്ധി ഘട്ടങ്ങളിൽ അവർ എന്നും അമേരിക്കയ്ക്കൊപ്പം നിന്നിട്ടുണ്ടെന്ന് ട്രംപ് പറഞ്ഞു.(Courageous, bold, loyal and smart, Trump praises Israel)
ആളുകൾക്ക് ഇസ്രായേലിനെ ഇഷ്ടമാണെങ്കിലും അല്ലെങ്കിലും, അമേരിക്കയുടെ മഹത്തായ സഖ്യകക്ഷിയാണെന്ന് അവർ തെളിയിച്ചിട്ടുണ്ട്. അവർ ധീരരും വിശ്വസ്തരും ബുദ്ധിമാന്മാരുമാണ്. സംഘർഷഭരിതമായ ഘട്ടങ്ങളിൽ യഥാർത്ഥ നിറം കാണിച്ച മറ്റുള്ളവരെപ്പോലെയല്ല ഇസ്രായേൽ. അവർ കഠിനമായി പോരാടുന്നു, എങ്ങനെ വിജയിക്കണമെന്ന് അവർക്കറിയാം, ട്രംപ് കുറിച്ചു.
നാറ്റോ രാജയങ്ങൾ ഇറാൻ യുദ്ധത്തെ വിമർശിച്ചതിനും ഹോർമുസ് കടലിടുക്ക് തുറക്കാനുള്ള അമേരിക്കൻ നീക്കങ്ങളെ പിന്തുണയ്ക്കാത്തതിനുമുള്ള അതൃപ്തി ട്രംപ് പ്രകടിപ്പിച്ചു. സമ്മർദ്ദഘട്ടങ്ങളിൽ ഈ രാജ്യങ്ങൾ തങ്ങളുടെ യഥാർത്ഥ മുഖം വെളിപ്പെടുത്തിയെന്നും, ഇസ്രായേൽ മാത്രമാണ് ഉറച്ച പിന്തുണയുമായി കൂടെയുള്ളതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ലെബനനിൽ വ്യോമാക്രമണം നടത്തുന്നതിൽ നിന്ന് ഇസ്രായേലിനെ വിലക്കിയിട്ടുണ്ടെന്ന ട്രംപിന്റെ സോഷ്യൽ മീഡിയ പോസ്റ്റ് ഇസ്രായേലിൽ വലിയ അമ്പരപ്പ് സൃഷ്ടിച്ചു.
ട്രംപിന്റെ ഈ പ്രസ്താവന വ്യാഴാഴ്ച സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് പുറത്തുവിട്ട വെടിനിർത്തൽ കരാറിന് വിരുദ്ധമാണ്. ഇതോടെ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഉപദേശകരും വൈറ്റ് ഹൗസിൽ നിന്ന് വിശദീകരണം തേടി. ഇസ്രായേലും ലെബനനും 10 ദിവസത്തെ വെടിനിർത്തലിന് സമ്മതിച്ചതായി ട്രംപ് അറിയിച്ചിരുന്നു. ഇതിനൊപ്പം ഇറാനുമായി ഒരു സമാധാന കരാർ ഉണ്ടാക്കാനുള്ള ശ്രമങ്ങളും അമേരിക്ക സമാന്തരമായി നടത്തിവരികയാണ്.

