വാഷിംഗ്ടൺ: ഹോർമുസ് കടലിടുക്കിലെ സുരക്ഷാ വെല്ലുവിളികളും ഇറാനുമായുള്ള നയതന്ത്ര ചർച്ചകളും വിലയിരുത്താൻ അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് വൈറ്റ് ഹൗസിലെ അതീവ സുരക്ഷാ വിഭാഗമായ ‘സിറ്റുവേഷൻ റൂമിൽ’ അടിയന്തര യോഗം ചേർന്നു. ഇറാനുമായുള്ള വെടിനിർത്തൽ ഉടമ്പടിയുടെ കാലാവധി വരും ദിവസങ്ങളിൽ അവസാനിക്കാനിരിക്കെയാണ് ഈ നീക്കമെന്ന് റിപ്പോർട്ട് ചെയ്തു.(Can’t blackmail us, Trump convenes Situation Room as gunfire at Indian ships )
മേഖലയിൽ സംഘർഷം വർദ്ധിക്കുന്നതിനിടയിലും അടുത്ത ഘട്ട ചർച്ചകൾക്കായി ഇതുവരെ തീയതി നിശ്ചയിച്ചിട്ടില്ല. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്, സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് തുടങ്ങി ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു. നിലവിലെ സാഹചര്യം അതീവ ഗുരുതരമാണെന്നും ചർച്ചകളിൽ ഉടൻ പുരോഗതിയുണ്ടായില്ലെങ്കിൽ സൈനിക നീക്കങ്ങൾ പുനരാരംഭിക്കാൻ സാധ്യതയുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.
ഇറാൻ മുന്നോട്ട് വെക്കുന്ന കടുത്ത നിബന്ധനകൾ കാരണം നേരിട്ടുള്ള ചർച്ചകൾക്ക് രാജ്യം തയ്യാറല്ലെന്ന നിലപാടിലാണ് അമേരിക്ക. കടലിടുക്ക് വീണ്ടും അടയ്ക്കുമെന്ന് ഇറാൻ പ്രഖ്യാപിച്ചതിന് പിന്നാലെ കപ്പലുകൾക്ക് നേരെ ആക്രമണമുണ്ടായതായുള്ള റിപ്പോർട്ടുകളും പുറത്തുവന്നു. ഒരു കരാറിൽ വേഗത്തിൽ എത്താൻ സാധിക്കുമെന്ന് ട്രംപ് പ്രസ്താവിച്ചതിന് തൊട്ടുപിന്നാലെയാണ് സ്ഥിതിഗതികൾ വഷളായത്.
ഇറാൻ അമേരിക്കയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ ശ്രമിക്കുകയാണെന്ന് ട്രംപ് മാധ്യമങ്ങളോട് പറഞ്ഞു. ഇറാൻ ചില കൗശലങ്ങൾ കാണിക്കാൻ ശ്രമിച്ചു… അവർ വീണ്ടും കടലിടുക്ക് അടയ്ക്കാൻ ആഗ്രഹിച്ചു. എന്നാൽ നമ്മളെ ബ്ലാക്ക്മെയിൽ ചെയ്യാൻ അവർക്ക് കഴിയില്ല, ഡോണൾഡ് ട്രംപ് കൂട്ടിച്ചേർത്തു. ഇറാനുമായുള്ള ചർച്ചകൾ ഇപ്പോഴും തുടരുകയാണെന്നും ഒരു കരാറുമായി മുന്നോട്ട് പോകണോ എന്ന കാര്യത്തിൽ ഉടൻ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അമേരിക്കയുമായുള്ള രണ്ടാം ഘട്ട ചർച്ചകൾ നീളുമെന്ന് പ്രഖ്യാപിച്ച് ഇറാൻ. ഇരു രാജ്യങ്ങളും തമ്മിലുള്ള ധാരണയുടെ ചട്ടക്കൂട് അന്തിമമാക്കാതെ ചർച്ചയ്ക്കില്ലെന്ന കർക്കശ നിലപാടിലാണ് ഇറാൻ ഭരണകൂടം. ഇറാൻ വെനസ്വേലയല്ലെന്നും ഡോണൾഡ് ട്രംപിന്റെ സമ്മർദ്ദ തന്ത്രങ്ങൾ ഇവിടെ ചെലവാകില്ലെന്നും ഇറാൻ പരമോന്നത ദേശീയ സുരക്ഷാ കൗൺസിൽ മുന്നറിയിപ്പ് നൽകി.
അമേരിക്ക മുന്നോട്ടുവെച്ച നിർദ്ദേശങ്ങൾക്ക് ഇറാൻ വഴങ്ങിയെന്ന ട്രംപിന്റെ പ്രസ്താവനകളെ ഇറാൻ പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബഗേർ ഗാലിബഫ് പൂർണ്ണമായും നിഷേധിച്ചു. ഒരു മണിക്കൂറിനുള്ളിൽ ട്രംപ് ഏഴ് അവകാശവാദങ്ങൾ ഉന്നയിച്ചെന്നും എന്നാൽ അവയെല്ലാം വസ്തുതാവിരുദ്ധമാണെന്നും ഗാലിബഫ് പരിഹസിച്ചു. നുണകൾ പറഞ്ഞ് യുദ്ധം ജയിക്കാൻ അമേരിക്കയ്ക്ക് കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

