കൊച്ചി/ലക്‌നൗ: ഇന്ത്യയിലെ പ്രമുഖ വാഹന നിർമ്മാതാക്കളായ ടാറ്റ മോട്ടോഴ്‌സ് ലിമിറ്റഡ് തങ്ങളുടെ ലക്‌നൗ നിർമ്മാണ യൂണിറ്റിൽ നിന്ന് പത്ത് ലക്ഷം വാണിജ്യ വാഹനങ്ങൾ പുറത്തിറക്കി പുതിയ നാഴികക്കല്ല് പിന്നിട്ടു (Tata Motors Lucknow Plant). 1992-ൽ പ്രവർത്തനം ആരംഭിച്ച ഈ പ്ലാന്റ് കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഉത്തർപ്രദേശിന്റെ വ്യാവസായിക, സാമ്പത്തിക വളർച്ചയിൽ നിർണ്ണായക പങ്കുവഹിക്കുന്നു.
ഈ അവിസ്മരണീയ നേട്ടത്തിന്റെ ഭാഗമായി പ്ലാന്റിൽ നിന്ന് സീറോ എമിഷൻ ഇലക്ട്രിക് ബസ് പുറത്തിറക്കി. ടാറ്റ മോട്ടോഴ്‌സിന്റെ 2045-ഓടെയുള്ള ‘നെറ്റ് സീറോ’ ലക്ഷ്യത്തിലേക്കും ഉത്തർപ്രദേശിന്റെ പരിസ്ഥിതി സൗഹൃദ ഗതാഗത നയങ്ങൾക്കും ഇത് വലിയ പിന്തുണ നൽകും. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്, ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ തുടങ്ങിയ പ്രമുഖർ ചടങ്ങിൽ പങ്കെടുത്തു.
600 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ആധുനിക ഉൽപാദന കേന്ദ്രം. പ്രതിവർഷം ഒരു ലക്ഷം വാഹനങ്ങൾ നിർമ്മിക്കാൻ ശേഷിയുണ്ട്. 100% പുനരുപയോഗ ഊർജ്ജത്തിൽ പ്രവർത്തിക്കുന്ന ഈ പ്ലാന്റ് ഒരു ‘വാട്ടർ പോസിറ്റീവ്’ കേന്ദ്രം കൂടിയാണ്. നേരിട്ടും അല്ലാതെയും 8,000-ത്തിലധികം ആളുകൾക്ക് ഈ പ്ലാന്റ് തൊഴിൽ നൽകുന്നുണ്ട്.
“ലക്‌നൗ പ്ലാന്റിലെ ഈ നേട്ടം ഉത്തർപ്രദേശുമായുള്ള ഞങ്ങളുടെ ദീർഘകാല പങ്കാളിത്തത്തിന്റെ തെളിവാണ്. സർക്കാരിന്റെയും സമൂഹത്തിന്റെയും സഹകരണത്തോടെ നൈപുണ്യ വികസനത്തിനും ഉപജീവനമാർഗ്ഗങ്ങൾ സൃഷ്ടിക്കുന്നതിനും ഞങ്ങൾക്ക് സാധിച്ചു. സുസ്ഥിരമായ ഗതാഗത സംവിധാനങ്ങൾക്കായി ഞങ്ങൾ പ്രതിജ്ഞാബദ്ധരാണ്,” – ടാറ്റ സൺസ് ചെയർമാൻ എൻ. ചന്ദ്രശേഖരൻ പറഞ്ഞു.
നൈപുണ്യ വികസനം, അപ്രന്റീസ്ഷിപ്പ് പദ്ധതികൾ എന്നിവയിലൂടെ പ്രാദേശിക സമൂഹത്തെ ശാക്തീകരിക്കുന്നതിലും ഈ പ്ലാന്റ് വലിയ പങ്കുവഹിക്കുന്നുണ്ടെന്ന് അധികൃതർ അറിയിച്ചു.
Story Summary: Tata Motors Lucknow plant achieved a milestone of producing 10 lakh commercial vehicles. The company also rolled out a zero-emission electric bus, reinforcing its commitment to a Net Zero future by 2045. The event was attended by CM Yogi Adityanath and Tata Sons Chairman N. Chandrasekaran.

