തിരുവനന്തപുരം: സംസ്ഥാനത്തെ സ്‌കൂളുകളിൽ വേനലവധിക്കാലത്ത് സ്പെഷ്യൽ ക്ലാസുകൾ സംഘടിപ്പിക്കുന്നത് പൂർണ്ണമായും ഒഴിവാക്കണമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി (V Sivankutty). കേരള വിദ്യാഭ്യാസ ചട്ടങ്ങൾ (KER) പ്രകാരം മാർച്ച് അവസാന വാരം മുതൽ മെയ് മാസം വരെ കുട്ടികൾക്ക് അനുവദിച്ചിട്ടുള്ള വേനലവധി കൃത്യമായി പാലിക്കണം. ഇത് ലംഘിക്കുന്ന വിദ്യാലയങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്ത് ചൂട് വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ കുട്ടികളെ വിദ്യാലയങ്ങളിൽ എത്തിക്കുന്നത് അവരുടെ ആരോഗ്യത്തിന് ഭീഷണിയാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. കഠിനമായ ചൂടിൽ കുട്ടികളെ പഠനത്തിനായി നിർബന്ധിക്കുന്നത് മനുഷ്യാവകാശങ്ങളുടെയും ബാലാവകാശങ്ങളുടെയും ലംഘനമാണ്.
പഠന സമ്മർദ്ദമില്ലാതെ ശാരീരികവും മാനസികവുമായ ഉന്മേഷം വീണ്ടെടുക്കാനാണ് അവധിക്കാലം നൽകുന്നത്. ബാലാവകാശ കമ്മീഷന്റെയും കോടതികളുടെയും ഉത്തരവുകൾ പ്രകാരം കുട്ടികളുടെ അവധിക്കാലം തടസ്സപ്പെടുത്താൻ ആർക്കും അവകാശമില്ല.
സർക്കാർ, എയ്ഡഡ് സ്‌കൂളുകൾക്ക് പുറമെ സിബിഎസ്ഇ (CBSE), ഐസിഎസ്ഇ (ICSE) തുടങ്ങി എല്ലാ സിലബസുകളിൽ പ്രവർത്തിക്കുന്ന വിദ്യാലയങ്ങളും ഈ നിർദ്ദേശം പാലിക്കാൻ ബാധ്യസ്ഥരാണ്. അവധിക്കാല ക്ലാസുകൾ നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥർക്ക് പ്രത്യേക നിർദ്ദേശം നൽകിയിട്ടുണ്ട്. ചട്ടവിരുദ്ധമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ വിട്ടുവീഴ്ചയില്ലാത്ത നടപടി ഉണ്ടാകുമെന്നും മന്ത്രി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
Story Summary: Kerala Education Minister V. Sivankutty has ordered a complete ban on summer special classes in all schools, including CBSE and ICSE. Citing extreme heat and student rights, the minister warned of strict action against institutions violating the summer vacation rules set by the Kerala Education Act.

