മുംബൈ : മഹാരാഷ്ട്രയിലെ നാസിക്കിൽ സംസാരിക്കാനെന്ന വ്യാജേന വിളിച്ചുവരുത്തിയ മധ്യവയസ്കന്റെ കണ്ണിൽ മുളകുപൊടി എറിഞ്ഞ ശേഷം യുവതി ആയുധം കൊണ്ട് വെട്ടിപ്പരിക്കേൽപ്പിച്ചു (Nashik Woman Koyta Attack). നാസിക്കിലെ തിരക്കേറിയ റോഡിൽ വെച്ചാണ് മധ്യവയസ്കന് നേരെ യുവതിയുടെ അതിക്രമം ഉണ്ടായത്. ആക്രമണത്തിന്റെ ഭീകരമായ ദൃശ്യങ്ങൾ സമീപത്തെ സിസിടിവി ക്യാമറയിൽ പതിഞ്ഞിട്ടുണ്ട്.
നാസിക്കിലെ പഞ്ച്വതി (Panchavati) മേഖലയിലാണ് സംഭവം നടന്നത്. യുവതി ഒരാളെ സംസാരിക്കാനെന്ന വ്യാജേന റോഡിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടെ യുവതി കൈവശം കരുതിയിരുന്ന മുളകുപൊടി ഇയാളുടെ കണ്ണിലേക്ക് എറിഞ്ഞു. കാഴ്ച തടസ്സപ്പെട്ട ഇയാളെ കൈയ്യിലുണ്ടായിരുന്ന മൂർച്ചയുള്ള കോയ്ത ഉപയോഗിച്ച് യുവതി പലതവണ വെട്ടിപ്പരിക്കേൽപ്പിച്ചു.
ആക്രമണത്തിൽ ഭയന്നോടിയ ഇയാളെ നാട്ടുകാർ ചേർന്നാണ് ആശുപത്രിയിലെത്തിച്ചത്. ഇയാളുടെ തലയ്ക്കും കൈകൾക്കും ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. പ്രതിയും ഇരയും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിപരമായ തർക്കങ്ങളാണ് ആക്രമണത്തിന് പിന്നിലെന്ന് പ്രാഥമിക അന്വേഷണത്തിൽ പോലീസ് കണ്ടെത്തി. പണമിടപാടുകളെച്ചൊല്ലിയുള്ള തർക്കമാണെന്നും സൂചനയുണ്ട്.
സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ നാസിക് പോലീസ് യുവതിയെ തിരിച്ചറിയുകയും അറസ്റ്റ് ചെയ്യുകയും ചെയ്തു. വധശ്രമം ഉൾപ്പെടെയുള്ള വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

