പൂനെ : മുംബൈയിലെ തിരക്കേറിയ ദാദർ മേഖലയിൽ മുപ്പതുകാരനായ യുവാവിനെ ആറംഗ സംഘം ചേർന്ന് ക്രൂരമായി മർദ്ദിച്ചു കൊലപ്പെടുത്തി (Mumbai Dadar Murder Case). മുൻവൈരാഗ്യമാണ് അക്രമത്തിന് പിന്നിലെന്ന് പോലീസ് സ്ഥിരീകരിച്ചു. ദാദറിലെ വീടിന് സമീപം നിൽക്കുകയായിരുന്ന സച്ചിൻ കുറമെയെയാണ് അക്രമി സംഘം വളഞ്ഞത്. കല്ലും വടികളും ഉപയോഗിച്ച് ഇയാളെ സംഘം ക്രൂരമായി മർദ്ദിക്കുകയായിരുന്നു.
ഈ സമയം സമീപത്തെ സിദ്ധിവിനായക ക്ഷേത്രത്തിൽ പ്രാർത്ഥനയിലായിരുന്ന സച്ചിന്റെ ഭാര്യ, വിവരമറിഞ്ഞ് സംഭവസ്ഥലത്തേക്ക് ഓടിയെത്തി. അക്രമികളിൽ നിന്ന് ഭർത്താവിനെ രക്ഷിക്കാൻ അവർ പരമാവധി ശ്രമിച്ചെങ്കിലും അക്രമി സംഘം അവരെ തള്ളിമാറ്റുകയും മർദ്ദനം തുടരുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ സച്ചിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ദാദറിലെ ജനവാസ മേഖലയിൽ നടന്ന ഈ സംഭവം പ്രദേശവാസികളിൽ വലിയ ഭീതിയുണ്ടാക്കി.കൊലപാതകത്തിന് പിന്നാലെ ഒളിവിൽ പോയ ആറുപേരെയും മുംബൈ പോലീസ് വിവിധയിടങ്ങളിൽ നിന്നായി പിടികൂടി. ഇവർക്കെതിരെ കൊലപാതകക്കുറ്റം ചുമത്തി കേസെടുത്തു.
കൊല്ലപ്പെട്ട സച്ചിനും പ്രതികളും തമ്മിൽ നേരത്തെ നിലനിന്നിരുന്ന വ്യക്തിപരമായ തർക്കങ്ങളാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായി.

