കൊച്ചി: യുഡിഎഫ് ഭരണത്തിൽ വന്നാൽ മുഖ്യമന്ത്രി എറണാകുളത്ത് നിന്നായിരിക്കുമെന്ന തന്റെ വിവാദ പ്രസ്താവനയിൽ വിശദീകരണവുമായി ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് (Mohammed Shiyas Ernakulam DCC). കോൺഗ്രസിന്റെ മുഖ്യമന്ത്രിയെ ഹൈക്കമാൻഡ് തീരുമാനിക്കുന്ന പതിവ് രീതി തന്നെ തുടരുമെന്നും അത് എല്ലാവരും അംഗീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിന് വേണ്ടത് വി.ഡി. സതീശന്റെ പ്രവർത്തന രീതിയാണെന്നും അടുത്ത മുഖ്യമന്ത്രി എറണാകുളത്ത് നിന്നാകണമെന്നുമുള്ള ഷിയാസിന്റെ പ്രസ്താവന കോൺഗ്രസിനുള്ളിൽ വലിയ ചർച്ചയായിരുന്നു. ഇതിനെതിരെ രമേശ് ചെന്നിത്തല അടക്കമുള്ള മുതിർന്ന നേതാക്കൾ പരസ്യമായി രംഗത്തെത്തിയതോടെയാണ് ഷിയാസ് നിലപാട് മയപ്പെടുത്തിയത്. കോൺഗ്രസിലും യുഡിഎഫിലും തർക്കങ്ങളുണ്ടെന്ന് വരുത്തിത്തീർക്കാനാണ് ചിലർ ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
തിരഞ്ഞെടുപ്പിൽ സിപിഎമ്മും ആർഎസ്എസും തമ്മിൽ വോട്ട് കച്ചവടം നടന്നതായി ഷിയാസ് ആവർത്തിച്ചു. കേന്ദ്രത്തിലും കേരളത്തിലും ഒരുപോലെ സ്വാധീനമുള്ള ചില ഇടനിലക്കാരാണ് ഈ ‘ഡീലിന്’ പിന്നിൽ പ്രവർത്തിച്ചതെന്ന് അദ്ദേഹം പറഞ്ഞു. ബിജെപി വോട്ടുകൾ ട്വന്റി ട്വന്റിക്ക് മറിച്ചുനൽകിയത് ഈ ധാരണയുടെ ഭാഗമാണെന്നും എന്നാൽ ഇത് യുഡിഎഫിനെ ബാധിക്കില്ലെന്നും അദ്ദേഹം കൊച്ചിയിൽ മാധ്യമങ്ങളോട് പറഞ്ഞു.
Story Summary:
Ernakulam DCC President Mohammed Shiyas has clarified his earlier remark regarding the Chief Minister candidate, stating that the Congress High Command will make the final decision as per party tradition. His previous comment suggesting a CM from Ernakulam had faced backlash from senior leaders like Ramesh Chennithala. Shiyas also alleged a secret deal between CPIM and RSS, claiming that intermediaries with influence in both State and Central governments facilitated vote-sharing, particularly benefiting Twenty20 in certain areas.

