ഇസ്ലാമാബാദ്: പാകിസ്താന്റെ മധ്യസ്ഥതയിൽ നടന്ന നിർണ്ണായകമായ യുഎസ് – ഇറാൻ സമാധാന ചർച്ചകൾ പരാജയപ്പെട്ടതിന് പിന്നാലെ പശ്ചിമേഷ്യയിൽ വീണ്ടും സംഘർഷസാധ്യത ഏറുന്നു. ചർച്ചകൾ വഴിമുട്ടിയതോടെ ഹോർമുസ് കടലിടുക്കിലൂടെ ഇറാനിലേക്ക് പോകാനിരുന്ന പാക് എണ്ണക്കപ്പലുകൾ യാത്ര ഉപേക്ഷിച്ച് മടങ്ങി. രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ അവസാനിക്കാനിരിക്കെ മേഖലയിൽ യുദ്ധഭീതി ശക്തമായിരിക്കുകയാണ്.(Iran – US talks fail, Pakistani oil tankers return from Strait of Hormuz)
പാകിസ്താൻ നാഷണൽ ഷിപ്പിംഗ് കോർപ്പറേഷന്റെ ‘ഷാലമർ’, ഇറാഖിലേക്ക് പോകേണ്ടിയിരുന്ന ‘അജിയോസ് ഫനൂറിയോസ് 1’ എന്നീ കൂറ്റൻ എണ്ണക്കപ്പലുകളാണ് യാത്ര പാതിവഴിയിൽ നിർത്തി മടങ്ങിയത്. അതേസമയം ‘മൊംബാസ ബി’ എന്ന മറ്റൊരു പാക് കപ്പൽ പേർഷ്യൻ ഗൾഫിലേക്ക് പ്രവേശിച്ചതായും റിപ്പോർട്ടുകളുണ്ട്.
21 മണിക്കൂർ നീണ്ട ചർച്ചകൾക്കൊടുവിൽ അമേരിക്കയുടെ ആവശ്യങ്ങൾ ഇറാൻ അംഗീകരിച്ചില്ലെന്ന് യുഎസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ് വ്യക്തമാക്കി. അമേരിക്കയുടെ നിബന്ധനകൾ യുക്തിരഹിതമാണെന്നും തങ്ങളുടെ അവകാശങ്ങൾക്കായി പോരാട്ടം തുടരുമെന്നുമാണ് ഇറാന്റെ നിലപാട്. ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട ഇന്ധനക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് കഴിഞ്ഞ ആറാഴ്ചയായി ഇറാന്റെ നിയന്ത്രണത്തിലാണ്. ചർച്ചകൾ പരാജയപ്പെട്ടതോടെ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം കൂടുതൽ സങ്കീർണ്ണമാകും. ചൈനീസ് കപ്പലുകൾ ഉൾപ്പെടെ പല രാജ്യങ്ങളുടെയും ചരക്കുനീക്കം നിലവിൽ തടസ്സപ്പെട്ടിരിക്കുകയാണ്.

