അബുജ: നൈജീരിയയിൽ തീവ്രവാദ ഗ്രൂപ്പുകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ 400-ഓളം പേരെ കൂട്ടവിചാരണക്കൊടുവിൽ തടവുശിക്ഷയ്ക്ക് വിധിച്ചു. 2009 മുതൽ രാജ്യത്തിന്റെ വടക്കുകിഴക്കൻ മേഖലയിൽ തുടരുന്ന ഇസ്ലാമിക കലാപങ്ങളുമായി ബന്ധപ്പെട്ട കേസുകളിലാണ് തലസ്ഥാനമായ അബുജയിലെ ഫെഡറൽ ഹൈക്കോടതി നിർണ്ണായക വിധി പുറപ്പെടുവിച്ചത്.(Anti-terror crackdown in Nigeria, Nearly 400 terror suspects convicted)
ബോക്കോ ഹറാം, ഇസ്ലാമിക് സ്റ്റേറ്റ് വെസ്റ്റ് ആഫ്രിക്ക പ്രവിശ്യ തുടങ്ങിയ ഭീകര സംഘടനകളുമായി ബന്ധം പുലർത്തിയ പ്രതികൾക്ക് അഞ്ച് വർഷം മുതൽ ജീവപര്യന്തം വരെയാണ് ശിക്ഷ വിധിച്ചിരിക്കുന്നത്. 500-ലധികം പ്രതികളെയാണ് കൂട്ടവിചാരണയ്ക്ക് വിധേയമാക്കിയത്. ഇതിൽ 386 പേരെ കുറ്റക്കാരായി കണ്ടെത്തി. എട്ട് പേരെ വിട്ടയച്ച കോടതി, 112 പേരുടെ കേസുകൾ മറ്റൊരു തീയതിയിലേക്ക് മാറ്റി.
ഭീകരർക്ക് സാമ്പത്തിക സഹായം നൽകുക, ആയുധങ്ങളും ഭക്ഷണവും എത്തിക്കുക, വിവരങ്ങൾ കൈമാറാൻ സഹായിക്കുക തുടങ്ങിയ കുറ്റങ്ങളാണ് പ്രതികൾക്ക് മേൽ ചുമത്തിയിരിക്കുന്നത്. 2009-ൽ ബോക്കോ ഹറാം ആരംഭിച്ച കലാപത്തിൽ ഇതുവരെ പതിനായിരക്കണക്കിന് ആളുകൾ കൊല്ലപ്പെടുകയും 20 ലക്ഷത്തോളം പേർ പലായനം ചെയ്യേണ്ടി വരികയും ചെയ്തിട്ടുണ്ട്. ഭീകരവാദികൾക്ക് പുറമെ വിഘടനവാദി ഗ്രൂപ്പുകളിൽ നിന്നും തട്ടിക്കൊണ്ടുപോകൽ സംഘങ്ങളിൽ നിന്നും രാജ്യം കടുത്ത സുരക്ഷാ ഭീഷണി നേരിടുന്ന സമയത്താണ് ഈ നിയമനടപടി. നിലവിലെ സാഹചര്യം പരിഗണിച്ച് നൈജീരിയയിലേക്കുള്ള യാത്ര പുനഃപരിശോധിക്കണമെന്ന് അമേരിക്ക തങ്ങളുടെ പൗരന്മാർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.
നൈജീരിയയിൽ ക്രിസ്ത്യാനികൾ പീഡിപ്പിക്കപ്പെടുന്നുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ കഴിഞ്ഞ ക്രിസ്മസ് ദിനത്തിൽ സൊകോട്ടോ സംസ്ഥാനത്തെ ‘ലകുരാവ’ എന്ന ഭീകര ഗ്രൂപ്പിന് നേരെ അമേരിക്ക വ്യോമാക്രമണം നടത്തുകയും ചെയ്തു. എന്നാൽ ക്രിസ്ത്യാനികൾ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളും ഇവിടുത്തെ അക്രമങ്ങൾക്കിരയാണെന്നാണ് നൈജീരിയൻ സർക്കാരിന്റെ നിലപാട്.

