മധുര: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ്യുടെ വാഹനത്തിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരുടെ മിന്നൽ പരിശോധന. വെള്ളിയാഴ്ച മധുര-ശിവഗംഗ അതിർത്തിയിൽ വെച്ചാണ് തിരഞ്ഞെടുപ്പ് ഫ്ലൈയിംഗ് സ്ക്വാഡ് വിജയ്യുടെ വാഹനം തടഞ്ഞത്. തിരഞ്ഞെടുപ്പിന്റെ ഭാഗമായി സംസ്ഥാനത്തുടനീളം പരിശോധനകൾ കർശനമാക്കിയിരിക്കുകയാണ്.(Election Flying Squad inspects Actor and TVK chief Vijay’s vehicle)
മധുരയിൽ നിന്നും റോഡ് മാർഗ്ഗം ശിവഗംഗയിലേക്ക് തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പോവുകയായിരുന്നു വിജയ്. അതിർത്തിയിലെ ചെക് പോയിന്റിൽ വെച്ച് ഉദ്യോഗസ്ഥർ വാഹനവ്യൂഹം തടയുകയും പരിശോധനയ്ക്കായി നിർദ്ദേശിക്കുകയുമായിരുന്നു. പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ ആയിരുന്നു നടപടി.
പരിശോധനയോട് പൂർണ്ണമായും സഹകരിച്ച വിജയ്, നടപടികൾ പൂർത്തിയാകുന്നത് വരെ വാഹനത്തിൽ കാത്തിരുന്നു. സംശയാസ്പദമായ ഒന്നും കണ്ടെത്താത്തതിനെത്തുടർന്ന് വാഹനം കടന്നുപോകാൻ ഉദ്യോഗസ്ഥർ അനുമതി നൽകി.

