ടെൽ അവീവ്: ഇസ്രയേലിനെതിരെ അതിരൂക്ഷമായ ഭാഷയിൽ വിമർശനവുമായി പാകിസ്ഥാൻ പ്രതിരോധമന്ത്രി ഖ്വാജ ആസിഫ്. ഇസ്രയേൽ പിശാചാണെന്നും മനുഷ്യത്വത്തിന് ശാപമാണെന്നും അദ്ദേഹം വിശേഷിപ്പിച്ചു. ഇറാൻ-അമേരിക്ക വെടിനിർത്തൽ ചർച്ചകൾക്ക് ഇസ്ലാമാബാദ് വേദിയാകുന്നതിനിടെ ലെബനനിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണങ്ങളെ തുടർന്നാണ് പാക് മന്ത്രിയുടെ ഈ കടന്നാക്രമണം.(Pak’s Khawaja Asif Calls Israel Cancerous State, Netanyahu slams the statement)
സമാധാന ചർച്ചകൾ നടക്കുമ്പോഴും ഇസ്രയേൽ വംശഹത്യ തുടരുകയാണെന്ന് എക്സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ആരോപിച്ചു. ആദ്യം ഗാസ, പിന്നീട് ഇറാൻ, ഇപ്പോൾ ലെബനൻ… നിരപരാധികളെ ഇസ്രയേൽ കൊന്നൊടുക്കുകയാണ്. യൂറോപ്യൻ ജൂതന്മാരെ ഒഴിവാക്കാൻ പലസ്തീൻ മണ്ണിൽ അർബുദം പോലെ ഈ രാജ്യം സൃഷ്ടിച്ചവർ നരകാഗ്നിയിൽ എരിയട്ടെ എന്ന് ഞാൻ പ്രാർത്ഥിക്കുന്നു, ഖ്വാജ ആസിഫ് പറഞ്ഞു.
പാക് മന്ത്രിയുടെ പ്രസ്താവന ‘അതിക്രമപരമാണ്’ എന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പ്രതികരിച്ചു. സമാധാന ചർച്ചകൾക്ക് മധ്യസ്ഥത വഹിക്കുന്നു എന്ന് അവകാശപ്പെടുന്ന ഒരു സർക്കാരിന്റെ ഭാഗത്ത് നിന്ന് ഇത്തരം ആഹ്വാനങ്ങൾ സഹിക്കാനാവില്ലെന്ന് ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസ് വ്യക്തമാക്കി. പാകിസ്ഥാൻ മന്ത്രിയുടേത് പരസ്യമായ ജൂതവിരുദ്ധതയാണെന്ന് ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിഡിയൻ സാർ കുറ്റപ്പെടുത്തി. ഇസ്രയേലിനെ അർബുദം എന്ന് വിളിക്കുന്നതിലൂടെ രാജ്യത്തിന്റെ നാശത്തിനാണ് പാകിസ്ഥാൻ ആഹ്വാനം ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

