അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദ് ജില്ലയിൽ നടന്ന ഒരു മതചടങ്ങിൽ വിതരണം ചെയ്ത ലഘുഭക്ഷണം കഴിച്ച നൂറോളം പേർക്ക് ഭക്ഷ്യവിഷബാധയേറ്റു. ദെത്രോജ് താലൂക്കിലെ രാജ്പുര ഗ്രാമത്തിൽ ബുധനാഴ്ച രാത്രി നടന്ന ചടങ്ങിലാണ് സംഭവം. ഗുജറാത്തിലെ പ്രാദേശിക വിഭവമായ ‘സേവ്-ഖമനി’ കഴിച്ചവർക്കാണ് അസ്വസ്ഥതകളുണ്ടായത്.(Food poisoning in Ahmedabad, More than 90 people hospitalized)
ഗ്രാമവാസികളായ 96 പേരെ വ്യാഴാഴ്ച പുലർച്ചയോടെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു. ഛർദ്ദി, വയറുവേദന, വയറിളക്കം എന്നീ ലക്ഷണങ്ങളോടെയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ചികിത്സയിലുള്ള 38 പേർ ഇപ്പോഴും ആശുപത്രിയിൽ തുടരുകയാണ്. മറ്റുള്ളവരെ പ്രാഥമിക ചികിത്സയ്ക്ക് ശേഷം ഡിസ്ചാർജ് ചെയ്തു.
ആശുപത്രിയിൽ കഴിയുന്നവരുടെ നില നിലവിൽ തൃപ്തികരമാണെന്ന് ജില്ലാ എപ്പിഡമിക് മെഡിക്കൽ ഓഫീസർ ഡോ. ചിന്തൻ ദേശായി അറിയിച്ചു. ഭക്ഷണം കഴിച്ച മറ്റ് 214 ഗ്രാമവാസികൾക്കും ആരോഗ്യവകുപ്പ് മുൻകരുതൽ എന്ന നിലയിൽ പ്രതിരോധ ചികിത്സ നൽകി. ആരോഗ്യവകുപ്പിന്റെ ഒരു സംഘം ഗ്രാമത്തിൽ നേരിട്ടെത്തി സ്ഥിതിഗതികൾ വിലയിരുത്തുന്നുണ്ട്. ഭക്ഷ്യവിഷബാധയെക്കുറിച്ച് പോലീസിനെയും ഭക്ഷ്യസുരക്ഷാ വിഭാഗത്തെയും വിവരമറിയിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥർ സംഭവസ്ഥലത്തെത്തി ഭക്ഷണത്തിന്റെയും കുടിവെള്ളത്തിന്റെയും സാമ്പിളുകൾ ശേഖരിച്ചു. ലബോറട്ടറി പരിശോധനാ ഫലം വന്നാലുടൻ വിഷബാധയുടെ കൃത്യമായ കാരണം വ്യക്തമാകുമെന്ന് അധികൃതർ അറിയിച്ചു.

