ശ്രീനഗർ: ജമ്മു കശ്മീരിലെ കിഷ്ത്വാറിൽ വി പി എൻ ഉപയോഗം ജില്ലാ ഭരണകൂടം നിരോധിച്ചു. വിപിഎൻ സേവനങ്ങൾ ദുരുപയോഗം ചെയ്യുന്നത് പൊതുസമാധാനത്തിനും ദേശീയ സുരക്ഷയ്ക്കും ഭീഷണിയാണെന്ന് വിലയിരുത്തിയാണ് ബുധനാഴ്ച നിരോധനം ഏർപ്പെടുത്തിയത്.(VPN use banned in Kishtwar for national security reasons)
ഭാരതീയ നാഗരിക് സുരക്ഷാ സംഹിത (BNSS), 2023 ലെ സെക്ഷൻ 163 പ്രകാരം കിഷ്ത്വാർ ജില്ലാ മജിസ്‌ട്രേറ്റ് പങ്കജ് കുമാർ ശർമ്മയാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. നിയമപരമായ സൈബർ നിയന്ത്രണങ്ങൾ മറികടക്കാനും നിരോധിക്കപ്പെട്ട ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉപയോഗിക്കാനും ചില വ്യക്തികളും ഗ്രൂപ്പുകളും വിപിഎൻ ഉപയോഗിക്കുന്നതായി രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് നൽകിയിരുന്നു.
പ്രകോപനപരമായ സന്ദേശങ്ങൾ പ്രചരിപ്പിക്കാനും വർഗീയ സംഘർഷങ്ങൾ ഉണ്ടാക്കാനും വിപിഎൻ ഉപയോഗിക്കാൻ സാധ്യതയുണ്ട്. വിഘടനവാദ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനും സൈബർ നിയമങ്ങൾ ലംഘിക്കുന്നതിനും ഇത്തരം പ്ലാറ്റ്‌ഫോമുകൾ ദുരുപയോഗം ചെയ്യപ്പെടാം. ഭീകരവാദ പ്രവർത്തനങ്ങൾക്കും ഭരണസംവിധാനങ്ങളെ അട്ടിമറിക്കാനുമുള്ള നീക്കങ്ങൾ തടയുക എന്ന ലക്ഷ്യത്തോടെയാണ് അടിയന്തര നിരോധനം. കിഷ്ത്വാർ ജില്ലയുടെ പരിധിയിൽ വരുന്ന എല്ലാ വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും സൈബർ കഫേകൾക്കും ബിസിനസ് സ്ഥാപനങ്ങൾക്കും ഇന്റർനെറ്റ് സേവന ദാതാക്കൾക്കും ഈ നിരോധനം ബാധകമാണ്.

