തിരുപ്പതി: ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിൽ തമിഴ്നാട് സ്വദേശിയായ യുവാവിനെ മകന്റെ മുന്നിലിട്ട് ക്രൂരമായി കൊലപ്പെടുത്തി. തമിഴ്നാട് സ്വദേശിയായ ഗാന്ധി ആണ് കൊല്ലപ്പെട്ടത്. ഭാര്യ രാസാത്തിയുടെ കാമുകനായ നരസിംഹലുവും കൂട്ടാളികളും ചേർന്നാണ് കൊലപാതകം നടത്തിയത്. തിങ്കളാഴ്ച രാത്രി ബോയക്കോണ്ട യേനാഡിപാളയത്തെ വനമേഖലയിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.(Mother’s boyfriend and associates beat father to death)
കുറച്ചുനാൾ മുൻപാണ് ഗാന്ധിയെയും മകനെയും ഉപേക്ഷിച്ച് രാസാത്തി നരസിംഹലുവിനൊപ്പം ഒളിച്ചോടിയത്. ഭാര്യയെ അന്വേഷിച്ച് അന്നമയ്യ ജില്ലയിലെത്തിയ ഗാന്ധി നരസിംഹലുവിനെ നേരിൽ കാണുകയായിരുന്നു. ഭാര്യയെ കണ്ടെത്താൻ സഹായിക്കാമെന്ന് വിശ്വസിപ്പിച്ച് ഗാന്ധിയെയും മകനെയും പ്രതികൾ വനമേഖലയിലേക്ക് കൂട്ടിക്കൊണ്ടുപോയി. അവിടെ വെച്ച് ഗാന്ധിയെ മദ്യം നൽകി മയക്കിയ ശേഷം നരസിംഹലുവും രണ്ട് കൂട്ടാളികളും ചേർന്ന് കല്ലുകൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
പിതാവിനെ ആക്രമിക്കുന്നത് കണ്ട് പേടിച്ചരണ്ട അഞ്ചു വയസ്സുകാരൻ സമീപത്തെ കുറ്റിക്കാട്ടിൽ ഒളിച്ചിരുന്നു. പ്രതികൾ കടന്നു കളഞ്ഞതോടെ കുട്ടി പുറത്തിറങ്ങി. കൊടുംകാട്ടിൽ പിതാവിന്റെ മൃതദേഹത്തിനരികെ ഭയന്നുവിറച്ച് ഒരു രാത്രി മുഴുവൻ ആ അഞ്ചു വയസ്സുകാരൻ ചിലവഴിച്ചു. പിറ്റേന്ന് രാവിലെ കാടിന് പുറത്തെത്തിയ കുട്ടി ഗ്രാമവാസികളോട് വിവരം പറഞ്ഞതോടെയാണ് കൊലപാതക വിവരം പുറംലോകമറിഞ്ഞത്. നാട്ടുകാർ ഉടൻ തന്നെ പോലീസിനെ വിവരമറിയിച്ചു. കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ നടത്തിയ തിരച്ചിലിനൊടുവിൽ പ്രതിയായ നരസിംഹലുവിനെയും രണ്ട് കൂട്ടാളികളെയും പോലീസ് കസ്റ്റഡിയിലെടുത്തു.

