അഹമ്മദാബാദ്: ഗുജറാത്തിലെ അഹമ്മദാബാദിൽ ദോശ കഴിച്ചതിന് പിന്നാലെ ഉണ്ടായ ഭക്ഷ്യവിഷബാധയെത്തുടർന്ന് ഒരു കുടുംബത്തിലെ രണ്ട് പെൺകുട്ടികൾ മരിച്ചു (Ahmedabad Food Poisoning News). അഹമ്മദാബാദ് സ്വദേശികളായ വിമൽ-ഭാവന ദമ്പതിമാരുടെ മൂന്നുമാസം പ്രായമുള്ള പെൺകുഞ്ഞും നാലുവയസ്സുകാരിയുമാണ് മരിച്ചത്. ഗുരുതരാവസ്ഥയിലായ ദമ്പതികൾ നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
ഏപ്രിൽ ഒന്നിന് വീടിനടുത്തുള്ള കടയിൽ നിന്ന് വാങ്ങിയ ദോശമാവ് ഉപയോഗിച്ച് തയ്യാറാക്കിയ ഭക്ഷണമാണ് കുടുംബം കഴിച്ചത്. ഏപ്രിൽ രണ്ടിന് രാവിലെ മുതൽ കുടുംബാംഗങ്ങൾക്കെല്ലാം കടുത്ത ഛർദ്ദിയും ശാരീരിക അസ്വസ്ഥതകളും അനുഭവപ്പെട്ടു. നില വഷളായതിനെത്തുടർന്ന് എല്ലാവരെയും ഉടൻ ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ ഏപ്രിൽ മൂന്നിന് മൂന്നുമാസം പ്രായമുള്ള കുഞ്ഞും, ഏപ്രിൽ അഞ്ചിന് നാലുവയസ്സുകാരിയും മരണത്തിന് കീഴടങ്ങി.
ബന്ധുക്കളുടെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ മാത്രമേ മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കാൻ സാധിക്കൂ എന്ന് അധികൃതർ വ്യക്തമാക്കി. വിമൽ ദോശമാവ് വാങ്ങിയ ‘ഘനശ്യാം ഡയറി’ എന്ന സ്ഥാപനത്തിൽ നിന്ന് അഹമ്മദാബാദ് മുനിസിപ്പൽ കോർപ്പറേഷൻ ഉദ്യോഗസ്ഥർ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചു.
അന്ന് തന്റെ കടയിൽ നിന്ന് മാവ് വാങ്ങിയ മറ്റ് ഉപഭോക്താക്കളെ നേരിട്ട് വിളിച്ചന്വേഷിച്ചുവെന്നും ആർക്കും ആരോഗ്യപ്രശ്നങ്ങളില്ലെന്നുമാണ് കടയുടമ അവകാശപ്പെടുന്നത്. സംഭവത്തെത്തുടർന്ന് പ്രദേശത്തെ ഭക്ഷണശാലകളിൽ നഗരസഭാ അധികൃതർ പരിശോധന കർശനമാക്കിയിട്ടുണ്ട്. കുട്ടികളുടെ അപ്രതീക്ഷിത മരണം നാടിനെ നടുക്കിയിരിക്കുകയാണ്.
Story Summary:
Two young girls, aged three months and four years, died of suspected food poisoning in Ahmedabad after consuming dosa prepared from store-bought batter. Their parents, Vimal and Bhavana, are in critical condition. The family fell ill on April 2, a day after purchasing the batter from a local dairy. While the infant died on April 3, the elder sister passed away on April 5. Authorities have collected samples from the shop and are awaiting post-mortem reports to confirm the cause of death.

