റാഞ്ചി: സോഷ്യൽ മീഡിയ വഴി സഹോദരന്റെ ഭാര്യയുടെ സഹോദരനുമായി ബന്ധം പുലർത്തിയതിലുള്ള വിരോധം മൂലം 13 വയസ്സുകാരിയെ സഹോദരൻ ശ്വാസം മുട്ടിച്ചു കൊന്നു ( Jharkhand Honor Killing). ജാർഖണ്ഡിലെ റാഞ്ചിക്ക് സമീപമുള്ള ഝാക്രതണ്ഡ് ഗ്രാമത്തിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. സംഭവവുമായി ബന്ധപ്പെട്ട് പെൺകുട്ടിയുടെ സഹോദരൻ രാഹുലിനെയും (29) പിതാവ് സുബോധ് പഥക്കിനെയും പോലീസ് അറസ്റ്റ് ചെയ്തു.
മാർച്ച് 13-നാണ് കൊലപാതകം നടന്നതെങ്കിലും ഏപ്രിൽ 2-നാണ് വിവരം പുറംലോകം അറിയുന്നത്. വീട്ടിൽ മരണാനന്തര ചടങ്ങുകൾ നടക്കുന്നത് കണ്ട ഗ്രാമവാസികൾ സംശയം തോന്നി പോലീസിനെ അറിയിക്കുകയായിരുന്നു. രാഹുലിന്റെ ഭാര്യയുടെ സഹോദരനുമായി പെൺകുട്ടി സോഷ്യൽ മീഡിയയിലൂടെ സംസാരിക്കുന്നത് രാഹുലിനെ പ്രകോപിപ്പിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട തർക്കത്തിനിടെ രാഹുൽ പെൺകുട്ടിയെ ശ്വാസം മുട്ടിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് ഒരു ഡോക്ടറുടെ സഹായത്തോടെ മരണം സ്ഥിരീകരിക്കുകയും മൃതദേഹം ബിഹാറിലെ ഗയയിലെത്തിച്ച് രഹസ്യമായി സംസ്കരിക്കുകയും ചെയ്തു.
കൊല്ലപ്പെട്ട പെൺകുട്ടിയെ സുബോധ് പഥക് അഞ്ച് വർഷം മുൻപ് ബിഹാറിലെ ഔറംഗബാദിൽ നിന്നാണ് ദത്തെടുത്തത്. സ്വന്തം മകൾ മറ്റൊരാളോടൊപ്പം ഒളിച്ചോടിയതിനെത്തുടർന്നാണ് സുബോധ് പെൺകുട്ടിയെ ദത്തെടുത്തത്. എന്നാൽ രാഹുലിന് ദത്തുസഹോദരിയെ ആദ്യമേ ഇഷ്ടമല്ലായിരുന്നു. വീട്ടിൽ പെൺകുട്ടിക്ക് വെവ്വേറെ അടുപ്പിലാണ് ഭക്ഷണം പാകം ചെയ്തിരുന്നതെന്നും വൻ വിവേചനം അനുഭവിച്ചിരുന്നതായും പോലീസ് പറഞ്ഞു. പെൺകുട്ടിയുടെ അച്ഛൻ അംഗപരിമിതനായതിനാലാണ് സുബോധിന് മകളെ കൈമാറിയിരുന്നത്. സംഭവത്തിൽ കൂട്ടുനിന്ന ഡോക്ടറെ പിടികൂടാനായി പോലീസ് തിരച്ചിൽ ഊർജ്ജിതമാക്കിയിട്ടുണ്ട്. പ്രതികളെ കോടതി റിമാൻഡ് ചെയ്തു.
Summary: A 29-year-old man in Jharkhand allegedly strangled his 13-year-old adoptive sister to death over her social media contact with his brother-in-law. The incident occurred on March 13 but came to light on April 2 when villagers grew suspicious of post-death rituals. The accused, Rahul, and his father, Subodh Pathak, were arrested after they secretly cremated the body in Gaya, Bihar, with the help of a known doctor. Investigations revealed that the victim faced severe discrimination at home since being adopted five years ago.

