ന്യൂഡൽഹി: ശബരിമലയിലെ സ്ത്രീപ്രവേശനം അനുവദിച്ചുകൊണ്ടുള്ള 2018-ലെ സുപ്രീം കോടതി വിധിയിൽ പുനഃപരിശോധന വേണമെന്ന ഹർജികളിൽ ഇന്ന് വാദം ആരംഭിക്കും. പുനഃപരിശോധനാ ഹർജിക്കാരുടെ ഒപ്പം വിഷയത്തിൽ വാദം ഉന്നയിക്കാൻ ഒരു മണിക്കൂർ സമയം അനുവദിക്കണമെന്ന് സംസ്ഥാന സർക്കാർ കോടതിയെ അറിയിച്ചു.(Sabarimala women entry, Center submits written arguments)
ഒൻപതംഗ ഭരണഘടനാ ബെഞ്ച് പുനഃപരിശോധനാ ഹർജികളിലെ ഭരണഘടനാപരമായ ചോദ്യങ്ങൾ പരിഗണിക്കാൻ ഇരിക്കെയാണ് സർക്കാരിന്റെ ഈ നീക്കം. അതേസമയം, 2018-ലെ ശബരിമല വിധിയെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാരും തിങ്കളാഴ്ച രേഖാമൂലമുള്ള വാദങ്ങൾ സമർപ്പിച്ചു. പഴയ വിധിയിൽ പ്രത്യക്ഷമായ നിരവധി പിഴവുകളുണ്ടെന്ന് കേന്ദ്രം ചൂണ്ടിക്കാട്ടി.
സോളിസിറ്റർ ജനറൽ തുഷാർ മേത്ത സമർപ്പിച്ച വാദങ്ങളിൽ പ്രധാനമായും പറയുന്നത് ശബരിമലയിലെ അയ്യപ്പ ഭക്തർ ഒരു ‘പ്രത്യേക വിഭാഗം’ അല്ലെന്ന വിധിയിലെ നിരീക്ഷണം തെറ്റാണ് എന്നാണ്. ഇന്ത്യയിലെ മതങ്ങൾ, പ്രത്യേകിച്ച് ഹിന്ദുമതം, വൈവിധ്യങ്ങളാൽ സമ്പന്നമാണ്. ആരാധനാ രീതികൾ, പ്രാദേശിക ആചാരങ്ങൾ, ക്ഷേത്ര പാരമ്പര്യം എന്നിവയിൽ ഈ വൈവിധ്യമുണ്ട്. ഒരു ഏകീകൃത സ്വഭാവം എല്ലാ മതവിശ്വാസങ്ങൾക്കും ഉണ്ടെന്ന അനുമാനത്തിൽ കോടതി നീങ്ങരുത്.
സ്ത്രീപ്രവേശനം നിയന്ത്രിക്കുന്നത് സ്ത്രീകളോടുള്ള വിവേചനമല്ലെന്നും മറിച്ച് പ്രതിഷ്ഠയുടെ സ്വഭാവവുമായി ബന്ധപ്പെട്ടതാണെന്നും കേന്ദ്രം വാദിച്ചു. ശബരിമലയിലെ പ്രതിഷ്ഠ നൈഷ്ഠിക ബ്രഹ്മചാരി സങ്കൽപ്പത്തിലുള്ളതാണ്. പത്ത് മുതൽ അൻപത് വയസ്സുവരെയുള്ള സ്ത്രീകളെ നിയന്ത്രിക്കുന്നത് ഈ സങ്കൽപ്പത്തിന്റെ ഭാഗമായാണ്. പ്രവേശനം അനുവദിക്കുന്നത് ആരാധനയുടെ അടിസ്ഥാന സ്വഭാവത്തെ മാറ്റും. ഭരണഘടന സംരക്ഷിക്കുന്ന മതപരമായ ബഹുസ്വരതയുടെ ഭാഗമായി ഇത്തരം വൈവിധ്യങ്ങൾ നിലനിർത്തുകയാണ് വേണ്ടത്, തുഷാർ മേത്ത വാദിച്ചു.
ശബരിമല യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹർജികളിൽ സുപ്രീം കോടതിയുടെ ഒൻപതംഗ ഭരണഘടനാ ബെഞ്ച് ഇന്ന് മുതൽ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച്, ശബരിമല വിഷയത്തിന് പുറമെ മറ്റ് മതങ്ങളിലെ ലിംഗവിവേചനവുമായി ബന്ധപ്പെട്ട വിഷയങ്ങളും ഈ ഘട്ടത്തിൽ പരിഗണിക്കുന്നുണ്ട്.
യുവതീ പ്രവേശനത്തെ എതിർക്കുന്നവരുടെയും വിധിക്കെതിരെ പുനഃപരിശോധന ആവശ്യപ്പെടുന്നവരുടെയും വാദമാണ് കോടതി ആദ്യം കേൾക്കുക. 32-ഓളം സംഘടനകൾ ഇതിനോടകം തങ്ങളുടെ വാദങ്ങൾ സമർപ്പിച്ചിട്ടുണ്ട്. യുവതീ പ്രവേശനത്തെ അനുകൂലിക്കുന്ന 12 കക്ഷികളുടെ വാദം ഏപ്രിൽ 14, 15, 16 തീയതികളിലായി നടക്കും.

