ബെയ്ജിങ്: അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചയാവുന്ന സൈനിക നീക്കവുമായി ചൈന. തങ്ങളുടെ സമുദ്രമേഖലയ്ക്ക് മുകളിൽ തുടർച്ചയായി 40 ദിവസത്തേക്ക് വ്യോമപാത നിയന്ത്രിച്ച ചൈനയുടെ നടപടി പ്രതിരോധ വിദഗ്ധരെയും അയൽരാജ്യങ്ങളെയും അമ്പരപ്പിച്ചിരിക്കുകയാണ്. സാധാരണഗതിയിൽ ഏതാനും ദിവസങ്ങൾ മാത്രം നീണ്ടുനിൽക്കുന്ന സൈനികാഭ്യാസങ്ങൾക്കായി നൽകാറുള്ള ‘നോട്ടാം’ ഇത്തവണ മെയ് ആദ്യവാരം വരെ നീളുന്നതാണ് ആശങ്കയ്ക്ക് കാരണം.(China imposes unusual air control, skies closed for 40 days, is Taiwan the target?)
സാധാരണയായി ചുരുങ്ങിയ ദിവസങ്ങൾ മാത്രം നീളുന്ന നിയന്ത്രണങ്ങളാണ് ചൈന ഏർപ്പെടുത്താറുള്ളത്. എന്നാൽ ഇത്തവണ മാർച്ച് 27 മുതൽ മെയ് 6 വരെയാണ് നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്നത്. ഇത്രയും ദീർഘമായ കാലാവധി അസാധാരണമാണെന്ന് റിപ്പോർട്ട് ചെയ്യുന്നു. ഇതിന്റെ ഔദ്യോഗിക കാരണത്തെക്കുറിച്ച് വിശദീകരണം നൽകാൻ ചൈന ഇതുവരെ തയ്യാറായിട്ടില്ല.
തായ്‌വാൻ കടലിടുക്കിൽ നിന്ന് ഏറെ അകലെയുള്ള മേഖലകളിലാണ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത് എന്നത് നിഗൂഢത വർദ്ധിപ്പിക്കുന്നു. വരാനിരിക്കുന്ന വലിയൊരു സൈനിക നീക്കത്തിന്റെ മുന്നോടിയായാണ് ഈ നടപടിയെന്ന് വിദഗ്ധർ സംശയിക്കുന്നു. തായ്‌വാൻ വിഷയത്തിൽ ഭാവിയിൽ ഉണ്ടായേക്കാവുന്ന വ്യോമാക്രമണ സാഹചര്യങ്ങൾ ചൈന കൃത്രിമമായി സൃഷ്ടിച്ചു പരിശീലിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

