ഹൂസ്റ്റൺ: അമേരിക്കയിലെ ടെക്സസിലുള്ള ഒരു ഇന്ത്യൻ ക്ഷേത്രത്തിൽ എത്തിയപ്പോൾ കണ്ട കാഴ്ച കണ്ട് അമ്പരന്നിരിക്കുകയാണ് സവാന ഹെർണാണ്ടസ് എന്ന അമേരിക്കൻ യുവതി (Texas Indian Temple Job Visa Blessing). ക്ഷേത്രത്തിൽ പ്രവേശിച്ചപ്പോൾ തന്നെ തന്റെ കണ്ണിലുടക്കിയത് “ജോബ് വിസകൾക്കുള്ള പ്രത്യേക അനുഗ്രഹം” നൽകുന്നതിനെക്കുറിച്ചുള്ള പോസ്റ്ററാണെന്ന് അവർ സോഷ്യൽ മീഡിയയായ എക്സിൽ പങ്കുവെച്ചു. താൻ കണ്ട കാഴ്ച വിശ്വസിക്കാനായില്ലെന്നും അവർ കുറിച്ചു.
ആരോഗ്യം, വിസ പ്രശ്നങ്ങൾ, മറ്റ് ദൈനംദിന പ്രയാസങ്ങൾ എന്നിവയ്ക്കായി ദൈവത്തോട് പ്രാർത്ഥിക്കാനും അനുഗ്രഹം തേടാനും ഭക്തരെ ക്ഷണിച്ചുകൊണ്ടുള്ളതായിരുന്നു ക്ഷേത്രത്തിലെ ബോർഡ്. വിദേശ രാജ്യങ്ങളിൽ കുടിയേറിപ്പാർക്കുന്നവർ നേരിടുന്ന പ്രധാന വെല്ലുവിളികളിലൊന്ന് വിസയുമായി ബന്ധപ്പെട്ട നൂലാമാലകളാണ്. ഇത്തരം പ്രായോഗികമായ പ്രതിസന്ധികളിലും വിശ്വാസികൾ ദൈവത്തിന്റെ പിന്തുണ തേടുന്നത് പുതിയ കാര്യമല്ലെങ്കിലും ഒരു അമേരിക്കൻ യുവതിയെ സംബന്ധിച്ചിടത്തോളം ഇത് കൗതുകകരമായ അനുഭവമായിരുന്നു.
സവാനയുടെ പോസ്റ്റ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിട്ടുണ്ട്. “ഏത് കാര്യത്തിനായും ഒരാൾക്ക് ദൈവത്തോട് പ്രാർത്ഥിക്കാം”, “ഇത് ഭക്തനും ദൈവവും തമ്മിലുള്ള കാര്യമാണ്” എന്നിങ്ങനെ പോസ്റ്റിന് താഴെ നിരവധി കമന്റുകൾ വരുന്നുണ്ട്. പ്രവാസികളുടെയും കുടിയേറ്റക്കാരുടെയും ജീവിതത്തിലെ വലിയൊരു സ്വപ്നവും ആശങ്കയുമാണ് വിസ എന്നത്. അതുകൊണ്ട് തന്നെ ക്ഷേത്രങ്ങൾ ഇത്തരം വിഷയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടത്തുന്നത് അവരുടെ കമ്മ്യൂണിറ്റിയുടെ ആവശ്യങ്ങൾ മനസ്സിലാക്കി കൊണ്ടാണെന്നും പലരും അഭിപ്രായപ്പെട്ടു.

