ടെഹ്‌റാൻ: അമേരിക്കയ്ക്കും ഇസ്രായേലിനും എതിരായ പോരാട്ടത്തിൽ വിട്ടുവീഴ്ചയ്ക്കില്ലെന്ന് പ്രഖ്യാപിച്ച് ഇറാൻ. കഴിഞ്ഞ ദിവസങ്ങളിൽ നടത്തിയ സൈനിക നീക്കങ്ങളിലൂടെ അമേരിക്കൻ സേനയ്ക്ക് കനത്ത നാശനഷ്ടങ്ങൾ വരുത്താൻ സാധിച്ചതായി ഇറാൻ സൈനിക വൃത്തങ്ങൾ അവകാശപ്പെട്ടു. അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭീഷണികൾക്ക് മുന്നിൽ വഴങ്ങില്ലെന്നും അധിനിവേശകർക്ക് ശക്തമായ മറുപടി നൽകാൻ രാജ്യം സജ്ജമാണെന്നും ഇറാൻ വ്യക്തമാക്കി.(Will not back down, Iran says it has inflicted heavy damage on America)
ഇസ്‌ഫഹാനിൽ വെച്ച് അമേരിക്കൻ പൈലറ്റിനെ രക്ഷിക്കാനുള്ള യുഎസ് നീക്കത്തെ പ്രതിരോധിച്ചതായും നിരവധി വിമാനങ്ങൾ തകർത്തതായും ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ് (IRGC) അറിയിച്ചു. ഇറാൻ മാധ്യമങ്ങൾ പുറത്തുവിടുന്ന കണക്കുകൾ പ്രകാരം ഒരു സി-130 (C-130) വിമാനം, രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ, ഒരു എഫ്-15 ഇ സ്ട്രൈക്ക് ഈഗിൾ, ഒരു എ-10 വാർത്ത്ഹോഗ്, എംക്യു-9 റീപ്പർ ഉൾപ്പെടെ പന്ത്രണ്ടോളം വിവിധ ഇനം വിമാനങ്ങൾ എന്നിവ വെടിവെച്ചിട്ടു എന്നാണ് ഇറാന്റെ വാദം.
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ച അന്ത്യശാസനത്തോടും സൈനിക ഭീഷണികളോടും രൂക്ഷമായാണ് ഇറാൻ പ്രതികരിച്ചത്. “അധിനിവേശ ശക്തികളുടെ ഏത് വെല്ലുവിളിയെയും നേരിടാൻ ഇറാൻ സൈന്യം സുസജ്ജമാണ്. ഭീഷണികൾ കൊണ്ട് ഞങ്ങളെ പിന്നോട്ടടിക്കാനാവില്ല,” എന്ന് ഇറാൻ സൈനിക വക്താവ് ഇബ്രാഹിം സൊൽഫാഖരി വ്യക്തമാക്കി.

