തന്റെ വളർത്തുനായയെ വിഷം കൊടുത്തു കൊന്ന അയൽവാസിക്ക് ശിക്ഷ വാങ്ങിനൽകാൻ ജോലി ഉപേക്ഷിച്ച് മൂന്ന് വർഷം നീണ്ട നിയമപോരാട്ടം നടത്തിയ യുവതിയുടെ കഥ അന്താരാഷ്ട്ര ശ്രദ്ധ നേടുന്നു ( China Pet Dog Poisoning Case). ചൈനീസ് സ്വദേശിയായ ലി യിഹാൻ ആണ് തന്റെ ‘പാപ്പി’ എന്ന വെസ്റ്റ് ഹൈലാൻഡ് ടെറിയർ നായയ്ക്ക് നീതി തേടി അസാധാരണമായ പോരാട്ടം നടത്തിയത്.
2022-ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ബീജിംഗിലെ ഒരു റെസിഡൻഷ്യൽ കോംപ്ലക്സിലെ കുട്ടികളുടെ പാർക്കിൽ വെച്ച് ലി യിഹാന്റെ 13 വയസ്സുള്ള പാപ്പി എന്ന നായ വിഷം ഉള്ളിൽ ചെന്ന് ചാവുകയായിരുന്നു. അന്വേഷണത്തിൽ 65 വയസ്സുകാരനായ ഷാങ് എന്നയാൾ ഇറച്ചി കഷ്ണങ്ങളിൽ മാരകമായ ‘സോഡിയം ഫ്ലൂറോഅസറ്റേറ്റ്’ എന്ന രാസവസ്തു കലർത്തി പാർക്കിൽ വിതറിയതായി കണ്ടെത്തി. അന്ന് പാപ്പി ഉൾപ്പെടെ 11 വളർത്തുനായ്ക്കൾക്ക് വിഷബാധയേൽക്കുകയും അതിൽ 9 എണ്ണം ചാവുകയും ചെയ്തിരുന്നു.
ചൈനയിൽ മൃഗസംരക്ഷണത്തിന് ശക്തമായ നിയമങ്ങൾ ഇല്ലാത്തത് വലിയ വെല്ലുവിളിയായിരുന്നു. എന്നാൽ പിന്മാറാൻ തയ്യാറാകാതിരുന്ന ലി യിഹാൻ തന്റെ ജോലി ഉപേക്ഷിക്കുകയും സാമൂഹിക ജീവിതം പരിമിതപ്പെടുത്തുകയും ചെയ്ത് നിയമപഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചു. മറ്റ് 10 ഇരകൾക്ക് വേണ്ടിയും കോടതിയിൽ വാദിച്ചത് ലി ആയിരുന്നു. മൂന്ന് വർഷത്തോളം നീണ്ട പോരാട്ടത്തിനൊടുവിൽ 2025 ഡിസംബറിൽ കോടതി വിധി പുറപ്പെടുവിച്ചു. അപകടകരമായ രാസവസ്തു കൈവശം വെച്ചതിനും പൊതുസുരക്ഷയ്ക്ക് ഭീഷണിയുണ്ടാക്കിയതിനും ഷാങ്ങിനെ നാല് വർഷത്തെ തടവിന് കോടതി ശിക്ഷിച്ചു. വളർത്തുനായ്ക്കൾ കൊല്ലപ്പെട്ട കേസിൽ ലഭിക്കാവുന്ന പരമാവധി ശിക്ഷയാണിതെന്ന് ലി യിഹാൻ പറഞ്ഞു.
തന്റെ പോരാട്ടത്തിനിടയിൽ വലിയ രീതിയിലുള്ള സൈബർ ആക്രമണങ്ങളും വ്യക്തിഹത്യയും നേരിടേണ്ടി വന്നതായി ലി വെളിപ്പെടുത്തി. ആദ്യമായി തന്റെ മുഖം പരസ്യപ്പെടുത്തിക്കൊണ്ട് സംസാരിച്ച ലി, നീതിക്ക് വേണ്ടിയുള്ള കാത്തിരിപ്പ് എളുപ്പമായിരുന്നില്ലെന്നും എന്നാൽ ഈ കേസ് സമാനമായ മറ്റ് കേസുകൾക്ക് ഒരു മാതൃകയാകുമെന്ന് പ്രത്യാശിക്കുന്നതായും പറഞ്ഞു.

