റിയോ ഡി ജനീറോ: ബ്രസീലിയൻ ഫുട്ബോൾ താരം നെയ്മർ ജൂനിയർ വീണ്ടും വിവാദച്ചുഴിയിൽ. ബ്രസീലിയൻ ലീഗിൽ സാന്റോസും റെമോയും തമ്മിലുള്ള മത്സരത്തിന് ശേഷം വനിതാ റഫറി സാവിയോ പെരേര സാമ്പയോയെ ലക്ഷ്യം വെച്ച് നടത്തിയ ലിംഗവിവേചനപരമായ പരാമർശമാണ് താരത്തിന് തിരിച്ചടിയായത് (Neymar Sexism Controversy). മത്സരത്തിന് ശേഷം നൽകിയ അഭിമുഖത്തിൽ റഫറിയെ “ചിക്കോ” (Chico) എന്ന് വിളിച്ചതാണ് ആരാധകരെയും കായിക ലോകത്തെയും ചൊടിപ്പിച്ചത്.
മത്സരത്തിൽ സാന്റോസ് 2-0 ന് വിജയിച്ചെങ്കിലും കളി അവസാനിക്കാൻ നിമിഷങ്ങൾ മാത്രം ബാക്കിയുള്ളപ്പോൾ റഫറി നെയ്മർക്ക് മഞ്ഞക്കാർഡ് നൽകിയിരുന്നു. ഇതിൽ പ്രകോപിതനായ താരം, റഫറി ആർത്തവസമയത്തെ മാനസികാവസ്ഥയിലാണെന്ന് സൂചിപ്പിക്കുന്ന ബ്രസീലിയൻ പ്രാദേശിക പ്രയോഗമായ ‘ചിക്കോ’ ഉപയോഗിക്കുകയായിരുന്നു. റഫറിക്ക് കളിക്കാരോട് ബഹുമാനമില്ലെന്നും മത്സരത്തിലെ താരമാകാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും നെയ്മർ ആരോപിച്ചു.
ബ്രസീലിലെ പഴയകാല പ്രയോഗങ്ങളിൽ ഒന്നായ ‘എസ്റ്റാർ ഡി ചിക്കോ’ (Estar de Chico) എന്നത് സ്ത്രീകൾ ആർത്തവസമയത്ത് കാണിക്കുന്ന ദേഷ്യത്തെയോ അസ്വസ്ഥതയെയോ പരിഹസിക്കാൻ ഉപയോഗിക്കുന്ന ഒന്നാണ്. റഫറി യുക്തിരഹിതമായാണ് പെരുമാറുന്നതെന്ന് സ്ഥാപിക്കാനാണ് നെയ്മർ ഈ പദം ഉപയോഗിച്ചത്. ഇതിനെതിരെ പ്രമുഖ ബ്രസീലിയൻ മാധ്യമപ്രവർത്തക മരിയാന പെരേര ഉൾപ്പെടെയുള്ളവർ രംഗത്തെത്തി. ആർത്തവം പോലുള്ള സ്വാഭാവിക ശാരീരിക പ്രക്രിയകളെ ഇത്തരത്തിൽ മോശമായി ചിത്രീകരിക്കുന്നത് അങ്ങേയറ്റം അപലപനീയമാണെന്ന് അവർ വ്യക്തമാക്കി.
കളിക്കളത്തിലെ പ്രകടനത്തേക്കാൾ കൂടുതൽ ഓഫ്-ഫീൽഡ് വിവാദങ്ങളിലൂടെ നെയ്മർ വാർത്തകളിൽ നിറയുന്നത് പതിവാകുകയാണ്. റെമോയ്ക്കെതിരായ മത്സരത്തിൽ ടീമിന്റെ രണ്ട് ഗോളുകളിലും പങ്കുവഹിച്ചെങ്കിലും എതിർ താരങ്ങളുമായുള്ള തർക്കത്തെത്തുടർന്നാണ് നെയ്മർക്ക് മഞ്ഞക്കാർഡ് ലഭിച്ചത്. ഇതോടെ ഫ്ലെമെംഗോയ്‌ക്കെതിരെ മാരക്കാന സ്റ്റേഡിയത്തിൽ നടക്കാനിരിക്കുന്ന നിർണ്ണായക മത്സരത്തിൽ നെയ്മർക്ക് കളിക്കാൻ കഴിയില്ല.
Summary: Neymar Jr. is facing a sexism row in Brazil after making a controversial remark about female referee Savio Pereira Sampaio following a match between Santos and Remo. Frustrated by a yellow card, Neymar used the Brazilian slang “Chico”—a sexist term implying a woman is on her period—to describe the referee’s mood. His comments have drawn widespread criticism from fans and journalists for reinforcing gender stereotypes and disparaging a natural biological process.

