ഫ്ലോറിഡ: ഇറാൻ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ ഗൾഫ് രാജ്യങ്ങൾക്ക് അത്യാധുനിക പ്രതിരോധ ഡ്രോണുകൾ വിൽക്കാൻ ലക്ഷ്യമിട്ട് ഡൊണാൾഡ് ട്രംപിന്റെ മക്കൾ. ഫ്ലോറിഡ ആസ്ഥാനമായി പ്രവർത്തിക്കുന്ന ‘പവറസ്’ എന്ന ഡ്രോൺ നിർമ്മാണ കമ്പനിയാണ് ഗൾഫ് മേഖലയിൽ തങ്ങളുടെ സാന്നിധ്യം ശക്തമാക്കുന്നത്. എറിക് ട്രംപും ഡൊണാൾഡ് ട്രംപ് ജൂനിയറും ഈ കമ്പനിയുടെ മുഖ്യ പിന്തുണക്കാരാണെന്ന് റിപ്പോർട്ട് ചെയ്യുന്നു.(Trump’s sons in arms market during Iran war, ‘Powerus’ to Gulf with drone deal)
ഇറാന്റെ ഡ്രോൺ-മിസൈൽ ആക്രമണങ്ങളെ തടയാൻ ശേഷിയുള്ള ‘ഇന്റർസെപ്റ്റർ ഡ്രോണുകളാണ്’ കമ്പനി പ്രധാനമായും വാഗ്ദാനം ചെയ്യുന്നത്. ഇതിന്റെ ഭാഗമായി വിവിധ ഗൾഫ് രാജ്യങ്ങളിൽ പവറസ് പ്രദർശനങ്ങൾ നടത്തിവരികയാണെന്ന് കമ്പനി സഹസ്ഥാപകൻ സ്ഥിരീകരിച്ചു.
യുദ്ധത്തിലൂടെ ലാഭം കൊയ്യുന്ന ആദ്യത്തെ പ്രസിഡന്റ് കുടുംബമായിരിക്കും ഇതെന്ന് മുൻ വൈറ്റ് ഹൗസ് എത്തിക്സ് അഭിഭാഷകൻ വിമർശിച്ചു. ഔദ്യോഗിക പദവി ഉപയോഗിച്ച് ബിസിനസ് താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നത് വലിയ ധാർമ്മിക ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. കമ്പനിയുമായുള്ള കരാറിലൂടെ ട്രംപിന്റെ മക്കൾക്ക് വലിയ തോതിലുള്ള ഓഹരി പങ്കാളിത്തം ലഭിക്കുമെന്നാണ് സൂചന.

