ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ രാഷ്ട്രീയ അങ്കത്തിനൊരുങ്ങി പ്രമുഖ നടനും സംവിധായകനുമായ സുന്ദർ സി (Sundar C Madurai Central). എഐഎഡിഎംകെ സഖ്യത്തിന്റെ ഭാഗമായ ‘പുതിയ നീതി കക്ഷി’ സ്ഥാനാർത്ഥിയായി മധുരൈ സെൻട്രൽ മണ്ഡലത്തിൽ നിന്നാണ് അദ്ദേഹം ജനവിധി തേടുന്നത്. തിരഞ്ഞെടുപ്പ് ഗോദയിലാണെങ്കിലും തമിഴക വെട്രി കഴകം (TVK) നേതാവ് വിജയ്‌ക്കെതിരെ വ്യക്തിപരമായ വിമർശനങ്ങൾ ഉന്നയിക്കില്ലെന്ന് സുന്ദർ സി വ്യക്തമാക്കി. വിജയ് തനിക്ക് ഏറെ പ്രിയപ്പെട്ട നടനാണെന്നും കുടുംബപരമായ ബന്ധം അദ്ദേഹവുമായിട്ടുണ്ടെന്നും സുന്ദർ സി പറഞ്ഞു.
സുന്ദർ സിയുടെ ഭാര്യയും നടിയുമായ ഖുഷ്ബുവിനെ വിജയ് ‘അക്ക’ എന്നാണ് വിളിക്കുന്നത്. വിജയ്‌യെ ഒരു സഹോദരനെപ്പോലെയാണ് ഖുഷ്ബു കാണുന്നത്. ഈ ആത്മബന്ധം ഉള്ളതുകൊണ്ടുതന്നെ വിജയ്‌യെയോ അദ്ദേഹത്തിന്റെ പാർട്ടിയെയോ സ്ഥാനാർത്ഥികളെയോ താൻ വിമർശിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. മധുരൈ സെൻട്രലിൽ എഐഡിഎംകെയും ഡിഎംകെയും തമ്മിലായിരിക്കും പ്രധാന മത്സരമെന്നും സിനിമയിലെന്നപോലെ രാഷ്ട്രീയത്തിലും തന്റെ ചുവടുറപ്പിക്കാൻ വോട്ടർമാരുടെ പിന്തുണ വേണമെന്നും അദ്ദേഹം അഭ്യർത്ഥിച്ചു.
എഐഎഡിഎംകെ – എൻഡിഎ സഖ്യത്തിന്റെ (പിഎൻകെ) സ്ഥാനാർത്ഥിയായാണ് മത്സരം. ഭാര്യ ഖുഷ്ബു നിലവിൽ ബിജെപി തമിഴ്‌നാട് ഘടകം വൈസ് പ്രസിഡന്റാണ്. പെരമ്പൂർ, ട്രിച്ചി ഈസ്റ്റ് എന്നീ രണ്ട് മണ്ഡലങ്ങളിൽ നിന്നാണ് വിജയ് മത്സരിക്കുന്നത്. തമിഴക വെട്രി കഴകത്തിന്റെ ചിഹ്നമായ ‘വിസിൽ’ വരാനിരിക്കുന്ന തിരഞ്ഞെടുപ്പിൽ വിപ്ലവം സൃഷ്ടിക്കുമെന്ന് നാമനിർദ്ദേശ പത്രിക സമർപ്പിച്ച ശേഷം വിജയ് പറഞ്ഞു.
പെരമ്പൂരിൽ ഡിഎംകെയുടെ സിറ്റിംഗ് എംഎൽഎ ആർ.ഡി. ശേഖറിനെയും ട്രിച്ചി ഈസ്റ്റിൽ ഇന്നിഗോ ഇരുദയരാജിനെയുമാണ് വിജയ് നേരിടുന്നത്. പ്രമുഖ താരങ്ങൾ നേരിട്ട് കളത്തിലിറങ്ങുന്നതോടെ തമിഴ് രാഷ്ട്രീയം വൻ ആവേശത്തിലേക്കാണ് നീങ്ങുന്നത്.
Story Summary:
Actor-director Sundar C is contesting from the Madurai Central constituency as a candidate for Puthiya Needhi Katchi (AIADMK alliance) in the 2026 Tamil Nadu Assembly Elections. While hitting the campaign trail, Sundar C stated that he would not criticize TVK leader Vijay due to their close family ties, mentioning that Vijay considers Khushbu his elder sister. Meanwhile, Vijay is contesting from Perambur and Trichy East with his party symbol ‘Whistle’.

