പ്രയാഗ്രാജ്: ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ മരുമകൾക്ക് നിയമപരമായ ബാധ്യതയില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഭാരതീയ നാഗരിക് സുരക്ഷാ സംഹിത പ്രകാരം ഭർതൃമാതാപിതാക്കൾക്ക് മരുമകളിൽ നിന്ന് ജീവനാംശം ആവശ്യപ്പെടാനാവില്ലെന്ന് ജസ്റ്റിസ് മദൻ പാൽ സിംഗ് ഉത്തരവിട്ടു. ധാർമ്മികമായ കടമകളെ നിയമപരമായി നടപ്പിലാക്കാൻ കോടതിക്ക് കഴിയില്ലെന്നും ബെഞ്ച് വ്യക്തമാക്കി.(Daughter-in-law has no legal obligation to protect her husband’s parents, Allahabad High Court)
ഭർത്താവിന്റെ മാതാപിതാക്കളെ നോക്കുന്നത് ഒരു ധാർമ്മിക കടമയായിരിക്കാം, എന്നാൽ അതിന് നിയമപരമായ പിൻബലമില്ല. ഇത്തരം ബാധ്യതകൾ മരുമകളുടെ മേൽ അടിച്ചേൽപ്പിക്കുന്നത് നിയമസംവിധാനത്തിന്റെ ലക്ഷ്യമല്ല. ക്രിമിനൽ നടപടിച്ചട്ടപ്രകാരം സ്വന്തം മാതാപിതാക്കളെ സംരക്ഷിക്കാൻ മക്കൾക്ക് ഉത്തരവാദിത്തമുണ്ട്. എന്നാൽ ‘മാതാപിതാക്കൾ’ എന്ന നിർവ്വചനത്തിൽ സ്വന്തം അച്ഛനമ്മമാർ മാത്രമേ ഉൾപ്പെടൂ, ഭർത്താവിന്റെ മാതാപിതാക്കൾ അതിൽ വരില്ല.
ഒരു സ്ത്രീ ജോലി ചെയ്യുന്നുണ്ടെങ്കിൽ പോലും തന്റെ വരുമാനത്തിൽ നിന്ന് ഭർത്താവിന്റെ മാതാപിതാക്കളെ സംരക്ഷിക്കാൻ അവർ ബാധ്യസ്ഥയല്ല. ഭർത്താവിന്റെ മരണശേഷം മരുമകൾക്ക് ജോലി ലഭിച്ചാലും ആ വരുമാനത്തിൽ വിഹിതം നൽകാൻ നിയമപരമായി നിർബന്ധിക്കാനാവില്ല. ഉത്തർപ്രദേശ് പോലീസിൽ കോൺസ്റ്റബിളായ മരുമകൾക്കെതിരെ ആഗ്ര സ്വദേശിയായ രാകേഷ് കുമാറും ഭാര്യയുമാണ് കോടതിയെ സമീപിച്ചത്. ഏക മകൻ മരിച്ചതോടെ തങ്ങൾ അനാഥരായെന്നും പ്രായമായ തങ്ങളെ സംരക്ഷിക്കാൻ മരുമകൾക്ക് ഉത്തരവാദിത്തമുണ്ടെന്നുമായിരുന്നു ഇവരുടെ വാദം. മകന്റെ മരണാനന്തര ആനുകൂല്യങ്ങൾ കൈപ്പറ്റുന്നത് മരുമകളാണെന്നും ഇവർ ചൂണ്ടിക്കാട്ടിയിരുന്നു.
നേരത്തെ 2025 ഓഗസ്റ്റിൽ ആഗ്രയിലെ കുടുംബ കോടതി മരുമകൾക്ക് അനുകൂലമായി വിധി നൽകിയിരുന്നു. ഈ വിധിയെ ചോദ്യം ചെയ്താണ് ദമ്പതികൾ ഹൈക്കോടതിയെ സമീപിച്ചത്. എന്നാൽ, മരുമകൾക്ക് ജോലി ലഭിച്ചത് ഭർത്താവിന്റെ മരണത്തെത്തുടർന്നുള്ള കാരുണ്യ നിയമനത്തിലൂടെ ആണെന്ന് തെളിയിക്കാൻ രേഖകളില്ലെന്ന് നിരീക്ഷിച്ച ഹൈക്കോടതി കുടുംബ കോടതിയുടെ വിധി ശരിവെക്കുകയായിരുന്നു.

