വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതി രണ്ടാം ഊഴത്തിലെ ഏറ്റവും താഴ്ന്ന നിലയിലെന്ന് പുതിയ സർവേ റിപ്പോർട്ടുകൾ (Donald Trump Approval Rating). ചരിത്രത്തിലെ തന്നെ ഏറ്റവും ദുർബലമായ അംഗീകാരനിരക്കാണ് (Approval Rating) നിലവിൽ ട്രംപ് നേരിടുന്നത്. എഎഫ് പോസ്റ്റ് പുറത്തുവിട്ട വിശകലനമനുസരിച്ച് ട്രംപിന്റെ നെറ്റ് അപ്രൂവൽ റേറ്റിങ് മൈനസ് 17 ലേക്ക് താഴ്ന്നു.
ചരിത്രപരമായ തകർച്ച
രണ്ടാം ഊഴം പോസിറ്റീവ് റേറ്റിങ്ങോടെയാണ് തുടങ്ങിയതെങ്കിലും പിന്നീട് ഗണ്യമായ കുറവുണ്ടായതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. മുൻ പ്രസിഡന്റുമാരായ ജോ ബൈഡൻ, ജിമ്മി കാർട്ടർ, റൊണാൾഡ് റീഗൻ എന്നിവരേക്കാൾ താഴ്ന്ന നിലയിലാണ് ട്രംപിന്റെ നിലവിലെ പ്രകടനം. ഫോക്സ് ന്യൂസ് നടത്തിയ പോൾ അനുസരിച്ച് 41 ശതമാനം പേർ മാത്രമാണ് ട്രംപിനെ പിന്തുണയ്ക്കുന്നത്; 59 ശതമാനം പേരും അദ്ദേഹത്തിന്റെ പ്രവർത്തനങ്ങളിൽ അതൃപ്തി രേഖപ്പെടുത്തി.
പാർട്ടിക്കുള്ളിലും പിന്തുണ കുറയുന്നു
റിപ്പബ്ലിക്കൻ പാർട്ടി പ്രവർത്തകർക്കിടയിൽ കഴിഞ്ഞ വർഷം 92 ശതമാനം പിന്തുണയുണ്ടായിരുന്നത് ഇക്കൊല്ലം 84 ശതമാനമായി കുറഞ്ഞു. ഡെമോക്രാറ്റുകൾക്കിടയിൽ 95 ശതമാനം പേരും ട്രംപിനെ എതിർക്കുന്നു. സ്വതന്ത്ര വോട്ടർമാരിൽ 75 ശതമാനവും അദ്ദേഹത്തിന്റെ പ്രകടനത്തിൽ അതൃപ്തരാണ്.
യൂണിവേഴ്സിറ്റി ഓഫ് മസാച്ചുസെറ്റ്സ് സർവേയിലെ പ്രധാന കണ്ടെത്തലുകൾ:
സർവേയിൽ പങ്കെടുത്തവരിൽ 33 ശതമാനം പേർ മാത്രമാണ് ട്രംപിനെ പിന്തുണച്ചത്. 62 ശതമാനം പേർ അദ്ദേഹത്തിന്റെ പ്രവൃത്തികളെ അംഗീകരിക്കുന്നില്ല. ഇറാനുമായുള്ള സംഘർഷം ട്രംപ് കൈകാര്യം ചെയ്യുന്ന രീതിയെ 29 ശതമാനം പേർ മാത്രമാണ് അനുകൂലിച്ചത്. 63 ശതമാനം പേർ ഇതിനെതിരാണ്. സർവേയിൽ പങ്കെടുത്തവരിൽ 33 ശതമാനം പേർ ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ പ്രസ്ഥാനവുമായി ബന്ധമുള്ളവരാണ്.
കഴിഞ്ഞ ഏപ്രിലിൽ 44 ശതമാനമായിരുന്ന ട്രംപിന്റെ അംഗീകാരനിരക്ക് ജൂലൈയിൽ 38 ആയും ഒടുവിൽ 33 ശതമാനമായും കുത്തനെ ഇടിയുകയായിരുന്നു. വരാനിരിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിൽ ഈ ജനവിധി വലിയ പ്രതിഫലനമുണ്ടാക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നത്.
Story Summary:
US President Donald Trump’s approval rating has hit a record low of minus 17, marking the weakest position for any US president at this stage of their term. Recent polls by Fox News and the University of Massachusetts Amherst show a significant decline in support, even among Republicans. Major factors include his handling of the Iran conflict and general dissatisfaction among 62% of respondents.

