തൃശ്ശൂർ: രാജ്യത്ത് പാചകവാതകത്തിന് (LPG) ക്ഷാമമുണ്ടെന്ന പ്രചരണങ്ങൾ തള്ളി കേന്ദ്രമന്ത്രി സുരേഷ് ഗോപി (Suresh Gopi). പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ പാചകവാതക വിതരണത്തിൽ തടസ്സമുണ്ടെന്ന വാർത്തകൾ അദ്ദേഹം നിഷേധിച്ചു. കുറഞ്ഞ തോതിലുള്ള നിയന്ത്രണങ്ങൾ മാത്രമാണ് നിലവിലുള്ളതെന്ന് അദ്ദേഹം പറഞ്ഞു.
പാചകവാതക ലഭ്യത ഉറപ്പാക്കാൻ ഓയിൽ കമ്പനികളുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും യോഗം കഴിഞ്ഞ ദിവസവും വിളിച്ചുചേർത്തിരുന്നു. രാജ്യം വലിയ പ്രതിസന്ധി നേരിടുന്നു എന്നത് വ്യാജ പ്രചരണം മാത്രമാണ്.അമേരിക്ക ഉൾപ്പെടെയുള്ള വികസിത രാജ്യങ്ങളിൽ പോലും പാചകവാതകത്തിന്റെ കാര്യത്തിൽ ചില നിയന്ത്രണങ്ങൾ നിലവിലുണ്ട്. സമാനമായ ക്രമീകരണങ്ങൾ മാത്രമാണ് ഇന്ത്യയിലുമുള്ളത്.
ജനങ്ങളിൽ പരിഭ്രാന്തി പരത്തുന്ന രീതിയിൽ വ്യാജവാർത്തകൾ നിർമ്മിക്കുന്നവർക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുന്നതിനെക്കുറിച്ച് സർക്കാർ ആലോചിക്കുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, പശ്ചിമേഷ്യൻ യുദ്ധം രണ്ടാഴ്ച പിന്നിടുമ്പോൾ വിപണിയിൽ എൽപിജി ക്ഷാമം അനുഭവപ്പെടുന്നുണ്ടെന്നാണ് ഉപഭോക്താക്കളുടെ പരാതി. ആവശ്യത്തിന് സിലിണ്ടറുകൾ ലഭ്യമാകാത്ത സാഹചര്യം തുടർന്നാൽ ഭക്ഷണസാധനങ്ങൾക്ക് വില വർദ്ധിപ്പിക്കേണ്ടി വരുമെന്ന് ഹോട്ടൽ ഉടമകൾ മുന്നറിയിപ്പ് നൽകുന്നുണ്ട്.
Short Story Summary:
Union Minister Suresh Gopi stated that there is no LPG crisis in the country, dismissing such reports as fake news. Speaking in Thrissur, he clarified that only minor regulations are in place and that even countries like the US have similar measures. He warned of legal action against those spreading misinformation. However, hotel owners have raised concerns over a potential price hike if the cylinder shortage persists due to the ongoing Middle East conflict.

