പശ്ചിമേഷ്യയിൽ തുടരുന്ന യുദ്ധം കാരണം എൽപിജി സിലിണ്ടറുകളുടെ വിതരണം തടസ്സപ്പെട്ടതോടെ ബംഗളൂരുവിലെ ഹോട്ടൽ മേഖല കനത്ത പ്രതിസന്ധിയിലായി (LPG Cylinder Shortage Bengaluru). കഴിഞ്ഞ കുറച്ചു ദിവസങ്ങൾക്കിടെ മാത്രം നഗരത്തിലെ ഹോട്ടലുകൾക്ക് 150 കോടി രൂപയുടെ നഷ്ടമുണ്ടായതായാണ് കണക്കുകൾ.
ഇന്ത്യയിലേക്കുള്ള എൽപിജി ഇറക്കുമതിയുടെ സിംഹഭാഗവും ഗൾഫ് രാജ്യങ്ങളിൽ നിന്നായതിനാൽ, യുദ്ധം കാരണം കപ്പൽ ഗതാഗതം തടസ്സപ്പെട്ടത് തിരിച്ചടിയായി. ഇതോടെ വാണിജ്യ ആവശ്യത്തിനുള്ള സിലിണ്ടറുകളുടെ ലഭ്യത 40 ശതമാനത്തോളം കുറഞ്ഞു. സിലിണ്ടറുകൾക്ക് ക്ഷാമം അനുഭവപ്പെട്ടതോടെ കരിഞ്ചന്തയിൽ ഒരു വാണിജ്യ സിലിണ്ടറിന് (19 kg) 500 മുതൽ 800 രൂപ വരെ അധികം നൽകേണ്ടി വരുന്നു. ഇത് ഹോട്ടലുകളുടെ ലാഭവിഹിതത്തെ സാരമായി ബാധിച്ചു.
സിലിണ്ടർ ലഭിക്കാത്തതിനാൽ പല ചെറിയ ഹോട്ടലുകളും പ്രവർത്തന സമയം കുറയ്ക്കുകയോ ഭാഗികമായി അടച്ചിടുകയോ ചെയ്തു. വലിയ ഹോട്ടലുകൾ വിറക് അടുപ്പുകളിലേക്കും ഇലക്ട്രിക് അടുപ്പുകളിലേക്കും മാറാൻ നിർബന്ധിതരായി.ഗ്യാസ് വിലയും മറ്റ് അനുബന്ധ ചെലവുകളും വർദ്ധിച്ചതോടെ ഭക്ഷണസാധനങ്ങളുടെ വില 10 മുതൽ 20 ശതമാനം വരെ വർദ്ധിപ്പിക്കാൻ ബംഗളൂരു ഹോട്ടൽ ഉടമകളുടെ അസോസിയേഷൻ ആലോചിക്കുന്നു. ഇത് സാധാരണക്കാരെ വലിയ രീതിയിൽ ബാധിക്കും.
എൽപിജി സ്റ്റോക്ക് ലഭ്യമാക്കണമെന്നും ഹോട്ടൽ വ്യവസായത്തിന് പ്രത്യേക സബ്സിഡി അനുവദിക്കണമെന്നുമാണ് ഉടമകളുടെ ആവശ്യം.

