കോൽക്കത്ത: ഐഎസ്എല്ലിൽ തുടർച്ചയായ നാല് തോൽവികൾക്ക് ശേഷം കേരള ബ്ലാസ്റ്റേഴ്സിന് ആശ്വാസത്തിന്റെ പുത്തൻ ഉണർവ് (Kerala Blasters vs East Bengal). ഈസ്റ്റ് ബംഗാൾ എഫ്സിക്കെതിരായ എവേ പോരാട്ടത്തിൽ 1-1 എന്ന നിലയിൽ സമനില പിടിച്ചാണ് മഞ്ഞപ്പട പോയിന്റ് പട്ടികയിൽ അക്കൗണ്ട് തുറന്നത്. ഇഞ്ചുറി ടൈമിൽ മലയാളി താരം മുഹമ്മദ് അജ്‌സൽ നേടിയ ഗോളാണ് ബ്ലാസ്റ്റേഴ്സിനെ തോൽവിയിൽ നിന്ന് രക്ഷിച്ചത്.
മത്സരത്തിന്റെ തുടക്കം മുതൽ ഈസ്റ്റ് ബംഗാളിന്റെ ആധിപത്യമാണ് കോൽക്കത്തയിൽ കണ്ടത്. പത്താം മിനിറ്റിൽ തന്നെ ബ്ലാസ്റ്റേഴ്സ് പ്രതിരോധ താരം എയ്ബാൻ ഫൗൾ വഴങ്ങിയതോടെ ഈസ്റ്റ് ബംഗാളിന് പെനൽറ്റി ലഭിച്ചു. കിക്ക് എടുത്ത യൂസഫ് എസിജാരി പിഴവുകളില്ലാതെ പന്ത് വലയിലെത്തിച്ചതോടെ കേരളം 1-0ന് പിന്നിലായി.
ഗോൾ വഴങ്ങിയതോടെ താളം കണ്ടെത്താൻ പ്രയാസപ്പെട്ട ബ്ലാസ്റ്റേഴ്സിനെയാണ് പിന്നീട് കണ്ടത്. എന്നാൽ കളി അവസാനിക്കാൻ നിമിഷങ്ങൾ ബാക്കി നിൽക്കെ 92-ാം മിനിറ്റിൽ മഞ്ഞപ്പട സമനില ഗോൾ കണ്ടെത്തി. എബിൻ ദാസ് എടുത്ത കോർണർ കിക്ക് കൃത്യമായി കണക്ട് ചെയ്ത മുഹമ്മദ് അജ്‌സൽ മനോഹരമായ ഹെഡറിലൂടെ ഈസ്റ്റ് ബംഗാൾ വല കുലുക്കി.
നിലവിൽ അഞ്ച് മത്സരങ്ങളിൽ നിന്ന് ഒരു പോയിന്റ് മാത്രമുള്ള ബ്ലാസ്റ്റേഴ്സ് പട്ടികയിൽ 12-ാം സ്ഥാനത്താണ്. ഇത്രയും മത്സരങ്ങളിൽ നിന്ന് എട്ട് പോയിന്റുള്ള ഈസ്റ്റ് ബംഗാൾ മൂന്നാം സ്ഥാനത്ത് തുടരുന്നു.
Story Summary
Kerala Blasters secured a hard-fought 1-1 draw against East Bengal FC in their away match at Kolkata, ending a four-game losing streak. After trailing early to a 10th-minute penalty by Youssef Ezzejjari, the Blasters found an equalizer in the 92nd minute through a stunning header by Malayali youngster Mohammed Ajzal from Abin Das’s corner. With this draw, Blasters opened their points account in the ISL table.

