വാഷിംഗ്ടൺ: ഇറാന്റെ എണ്ണ വ്യാപാര കേന്ദ്രമായ ഖാർഗ് ദ്വീപിന് നേരെയുണ്ടായ ആക്രമണത്തിന് പിന്നാലെ മിഡിൽ ഈസ്റ്റിൽ സൈനിക സാന്നിധ്യം ശക്തമാക്കി അമേരിക്ക. രണ്ടായിരത്തി അഞ്ഞൂറിലധികം സൈനികരെയും അത്യാധുനിക ആയുധങ്ങളെയും വഹിച്ചുകൊണ്ട് യുഎസ്എസ് ട്രിപൊളി (USS Tripoli) എന്ന യുദ്ധക്കപ്പൽ മേഖലയിലേക്ക് തിരിച്ചു (USS Tripoli Middle East Deployment). യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻട്രൽ കമാൻഡിന്റെ (CENTCOM) നേതൃത്വത്തിലുള്ള ഈ നീക്കം ഇറാനുമായുള്ള യുദ്ധസാധ്യത വർദ്ധിപ്പിക്കുകയാണ്.
പ്രത്യേകമായി സജ്ജീകരിച്ച വ്യോമതാവളങ്ങളുടെ സഹായമില്ലാതെ തന്നെ അതിശക്തമായ ആക്രമണങ്ങൾ ഏകോപിപ്പിക്കാൻ യുഎസ്എസ് ട്രിപൊളിക്ക് സാധിക്കും. കപ്പൽ മിഡിൽ ഈസ്റ്റിലെത്തുന്നതോടെ ഇറാന്റെ തന്ത്രപ്രധാന കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചുള്ള അമേരിക്കൻ നീക്കങ്ങൾ കൂടുതൽ ശക്തമാകും. നിലവിൽ 50,000-ത്തിലധികം യുഎസ് സൈനികരെ മേഖലയിൽ വിന്യസിച്ചിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.
ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും നടക്കുന്നത് ഖാർഗ് ദ്വീപ് വഴിയാണ്. ഖാർഗിലെ സൈനിക കേന്ദ്രങ്ങൾ തകർത്തതായി അവകാശപ്പെട്ട യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്, ഇറാന്റെ എണ്ണ ടെർമിനലുകൾ നിലവിൽ സുരക്ഷിതമാണെന്ന് വ്യക്തമാക്കി. എന്നാൽ ഹോർമൂസ് കടലിടുക്കിലൂടെയുള്ള കപ്പൽ സഞ്ചാരം തടയാൻ ഇറാൻ ശ്രമിച്ചാൽ എണ്ണ ടെർമിനലുകൾ ആക്രമിക്കാൻ മടിക്കില്ലെന്ന് ട്രംപ് മുന്നറിയിപ്പ് നൽകി. ഇറാൻ സൈന്യം ആയുധം താഴെവെച്ച് കീഴടങ്ങണമെന്നും ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് ആവശ്യപ്പെട്ടു. ഹോർമൂസ് കടലിടുക്കിലൂടെ പോകുന്ന ടാങ്കറുകൾക്ക് യുഎസ് നാവികസേന ഉടൻ തന്നെ സുരക്ഷയൊരുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Summary: The United States is expanding its military presence in the Middle East following attacks on Iran’s Kharg Island. The warship USS Tripoli, carrying over 2,500 soldiers and advanced weaponry, is heading to the region to coordinate potential airstrikes without the need for fixed airbases.

