തിരുവനന്തപുരം: കേരളത്തിൽ പാചകവാതക ക്ഷാമം അതീവ ഗുരുതരമായി തുടരുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേർന്നു (Kerala LPG shortage meeting). മന്ത്രിമാരായ കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, എം.ബി. രാജേഷ് എന്നിവരും പൊതുമേഖലാ എണ്ണക്കമ്പനി പ്രതിനിധികളും യോഗത്തിൽ പങ്കെടുത്തു.
യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:
ഗ്യാസ് സിലിണ്ടറുകൾ പൂഴ്ത്തിവെക്കുന്നത് തടയാൻ കർശന പരിശോധന നടത്തും. നിലവിലുള്ള സ്റ്റോക്ക് കൃത്യമായി വിതരണം ചെയ്യുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ എണ്ണക്കമ്പനികൾക്ക് നിർദ്ദേശം നൽകി. ഹോട്ടലുകളും മറ്റും അടച്ചുപൂട്ടുന്ന സാഹചര്യം ഒഴിവാക്കാൻ സ്വീകരിക്കേണ്ട നടപടികൾ യോഗം ചർച്ച ചെയ്തു. ട്രെയിനുകളിലെ ഭക്ഷണവിതരണത്തെ പാചകവാതക ക്ഷാമം ബാധിക്കില്ലെന്ന് റെയിൽവേ അധികൃതർ വ്യക്തമാക്കി.
സുരക്ഷാ മുൻകരുതലിന്റെ ഭാഗമായി മിക്ക ട്രെയിനുകളിലും നേരത്തെ തന്നെ ഗ്യാസ് ഒഴിവാക്കിയിരുന്നു. പകരം ഇൻഡക്ഷൻ സ്റ്റൗ, ഹോട്ട് പ്ലേറ്റുകൾ, ഓവൻ എന്നിവയാണ് ഉപയോഗിക്കുന്നത്. പഴയ ചില ട്രെയിനുകളിൽ മാത്രമാണ് നിലവിൽ ഗ്യാസ് ഉപയോഗിക്കുന്നത്. ബേസ് കിച്ചണുകളിൽ ഗ്യാസിന് പുറമെ മറ്റ് ബദൽ മാർഗങ്ങളും സജ്ജമാണ്.
ഭക്ഷണവിതരണത്തിൽ തടസ്സമുണ്ടാകരുതെന്ന് കാട്ടി ഐ.ആർ.സി.ടി.സി എല്ലാ ലൈസൻസികൾക്കും മുൻകൂട്ടി കത്ത് നൽകിയിട്ടുണ്ട്.
സംസ്ഥാനത്തെ ഹോട്ടൽ മേഖല വലിയ പ്രതിസന്ധി നേരിടുമ്പോഴും റെയിൽവേ യാത്രക്കാർക്ക് ഭക്ഷണ ലഭ്യതയിൽ ആശങ്ക വേണ്ടെന്നാണ് നിലവിലെ സൂചന.
Story Summary: Chief Minister Pinarayi Vijayan chaired a high-level meeting to discuss the LPG crisis in Kerala. Ministers and oil company representatives attended to address supply issues and hoarding. Meanwhile, Railways confirmed that train catering won’t be affected as most pantries use induction and electric cooking systems.

