ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുള്ള വധശ്രമം: പ്രതി കാത്തിരുന്നത് 20 വർഷം! ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത് | Farooq Abdullah

0
126
Farooq Abdullah

ശ്രീനഗർ: ജമ്മു കശ്മീർ മുൻ മുഖ്യമന്ത്രി ഫറൂഖ് അബ്ദുള്ളയ്ക്ക് നേരെയുണ്ടായ വധശ്രമത്തിൽ പിടിയിലായ പ്രതി കമൽ സിംഗ് ജംവാൽ നിർണ്ണായക വെളിപ്പെടുത്തലുകൾ നടത്തി. കഴിഞ്ഞ 20 വർഷമായി ഫറൂഖ് അബ്ദുള്ളയെ കൊലപ്പെടുത്താൻ താൻ അവസരം കാത്തിരിക്കുകയായിരുന്നുവെന്നാണ് പ്രതി പോലീസിനോട് പറഞ്ഞത്. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നതോടെ വധശ്രമത്തിന്റെ വ്യാപ്തി വ്യക്തമായിട്ടുണ്ട്.(Wanted to kill Farooq Abdullah for 20 years, says the shooter)

തോക്കുമായി ഫറൂഖ് അബ്ദുള്ളയുടെ കഴുത്തിന് തൊട്ടടുത്ത് വരെ പ്രതി എത്തിയെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥർ സമയോചിതമായി ഇടപെട്ടതോടെ വലിയൊരു ദുരന്തം ഒഴിവാകുകയായിരുന്നു. ജമ്മു സ്വദേശിയായ കമൽ സിംഗ് ജംവാൽ വ്യാപാര മേഖലയിൽ പ്രവർത്തിക്കുന്നയാളാണ്. ഇയാൾക്ക് മൂന്ന് കടകളുണ്ടെന്നും അതിൽ രണ്ടെണ്ണം വാടകയ്ക്ക് നൽകിയിരിക്കുകയാണെന്നും പോലീസ് കണ്ടെത്തി.

പ്രാഥമിക അന്വേഷണത്തിൽ ഇയാൾക്ക് ഭീകര സംഘടനകളുമായി ബന്ധമുള്ളതായി തെളിവുകൾ ലഭിച്ചിട്ടില്ല. ആക്രമണത്തിന് എത്തിയ സമയത്ത് പ്രതി മദ്യപിച്ച് ലക്കുകെട്ട അവസ്ഥയിലായിരുന്നുവെന്ന് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. തോക്ക് ഉപയോഗിച്ച് നിറയൊഴിക്കാൻ ശ്രമിക്കുന്നതിനിടെയാണ് ഇയാളെ കീഴ്പ്പെടുത്തിയത്.