മുംബൈ: ഒരാൾ കൈക്കൂലി വാങ്ങുന്നത് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം (PMLA) കുറ്റകൃത്യത്തിലൂടെയുള്ള സമ്പാദ്യമായി കണക്കാക്കാമെന്ന് ബോംബെ ഹൈക്കോടതി (Bombay High Court Bribe Proceeds of Crime). വസായ് വിരാർ മുനിസിപ്പൽ കോർപ്പറേഷനിലെ (VVCMC) മുൻ ഉദ്യോഗസ്ഥൻ വൈ. ശിവറെഡ്ഡി സമർപ്പിച്ച ഹർജി തള്ളിക്കൊണ്ടാണ് കോടതിയുടെ നിർണ്ണായക നിരീക്ഷണം. ചീഫ് ജസ്റ്റിസ് ശ്രീ ചന്ദ്രശേഖർ, ജസ്റ്റിസ് ഗൗതം അൻഖാദ് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ടൗൺ പ്ലാനിംഗ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടറായിരുന്ന ശിവറെഡ്ഡി തന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയെ സമീപിച്ചത്. എന്നാൽ, ഇ ഡി റെഡ്ഡിയുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ 8.23 കോടി രൂപയുടെ കണക്കിൽപ്പെടാത്ത പണവും 23.28 കോടി രൂപയുടെ ആഭരണങ്ങളും കണ്ടെത്തിയിരുന്നു. ഈ തുക കൈക്കൂലിയിലൂടെ സമ്പാദിച്ചതാണെന്നും ഇത് കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിന്റെ പരിധിയിൽ വരുമെന്നും കോടതി വ്യക്തമാക്കി.
2019-നും 2023-നും ഇടയിൽ മലിനജല ശുദ്ധീകരണ പ്ലാന്റിനായി മാറ്റിവെച്ച ഭൂമിയിൽ വ്യാജ രേഖകൾ ചമച്ച് 41 കെട്ടിടങ്ങൾ നിർമ്മിക്കാൻ റെഡ്ഡി അനുമതി നൽകിയതായാണ് ആരോപണം. കുറ്റകൃത്യത്തിലൂടെ നേരിട്ടോ അല്ലാതെയോ സമ്പാദിക്കുന്ന ഏതൊരു സ്വത്തും പിഎംഎൽഎ നിയമപ്രകാരം കുറ്റകരമാണെന്ന് കോടതി ഓർമ്മിപ്പിച്ചു. കൈക്കൂലി പണം ഉപയോഗിച്ച് ആഭരണങ്ങളും ആഡംബര വസ്തുക്കളും വാങ്ങുന്നത് കുറ്റകൃത്യത്തിന്റെ ഭാഗമാണെന്നും കോടതി നിരീക്ഷിച്ചു.
കേസിലെ അന്വേഷണം പുരോഗമിക്കുന്നതിനനുസരിച്ച് കുറ്റകൃത്യത്തിലൂടെയുള്ള സമ്പാദ്യത്തിന്റെ അളവിൽ മാറ്റം വരാമെന്നും കോടതി പറഞ്ഞു. കഴിഞ്ഞ വർഷം ഓഗസ്റ്റിലാണ് റെഡ്ഡിയെ ഇ ഡി അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്യുന്നതിന് മുൻപ് ഇ ഡി കൃത്യമായ നിയമനടപടികൾ പാലിച്ചിട്ടുണ്ടെന്നും റെഡ്ഡിക്കെതിരെ വ്യക്തമായ തെളിവുകളുണ്ടെന്നും ഹൈക്കോടതി വിധിയിൽ വ്യക്തമാക്കി. നിലവിൽ റെഡ്ഡി ജുഡീഷ്യൽ കസ്റ്റഡിയിലാണ്.
Summary
The Bombay High Court has ruled that accepting a bribe constitutes acquiring “proceeds of crime” under the Prevention of Money Laundering Act (PMLA). The bench, headed by Chief Justice Shree Chandrashekhar, dismissed a petition by former VVCMC official Y Shiva Reddy, who sought to declare his arrest by the ED as illegal.

