ഇസ്ലാമാബാദ്: ലോകത്തെ പ്രധാന എണ്ണക്കടത്ത് പാതയായ ഹോർമുസ് കടലിടുക്ക് ഇറാൻ പൂർണ്ണമായും അടച്ചതോടെ, രാജ്യം നേരിടാൻ പോകുന്ന ഇന്ധന പ്രതിസന്ധി മറികടക്കാൻ പാകിസ്ഥാൻ അടിയന്തര നടപടികളിലേക്ക്. ഇന്ധന ഉപഭോഗം കുറയ്ക്കുന്നതിന്റെ ഭാഗമായി രാജ്യവ്യാപകമായി ‘വർക്ക് ഫ്രം ഹോം’ സംവിധാനം നടപ്പിലാക്കുന്നതിനെക്കുറിച്ച് സർക്കാർ ഗൗരവമായി ആലോചിക്കുന്നതായി പാക് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.(Pakistan moves to implement ‘work from home’ amid threat of fuel shortage as Strait of Hormuz closed)
സ്വകാര്യ മേഖലയ്ക്ക് പുറമെ സർക്കാർ ഓഫീസുകളിലും വർക്ക് ഫ്രം ഹോം നടപ്പിലാക്കുന്നതിന്റെ പ്രായോഗികത പരിശോധിക്കാൻ ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകി. ഓഫീസുകളിലേക്കുള്ള യാത്രകൾ കുറയ്ക്കുന്നതിലൂടെ പെട്രോൾ, ഡീസൽ ഉപഭോഗത്തിൽ വലിയ ലാഭമുണ്ടാക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.
എണ്ണ ശേഖരം, എൽ.എൻ.ജി കയറ്റുമതി, അതിർത്തി കടന്നുള്ള എൽ.പി.ജി വിതരണം എന്നിവ തടസ്സമില്ലാതെ ഉറപ്പാക്കാൻ ധനമന്ത്രിയുടെ നേതൃത്വത്തിലുള്ള സമിതി ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. രാജ്യത്ത് നിലവിൽ നാല് ആഴ്ചത്തേക്ക് ആവശ്യമായ പെട്രോൾ, ഡീസൽ ശേഖരം മാത്രമാണുള്ളതെന്ന് ഔദ്യോഗിക വൃത്തങ്ങൾ വ്യക്തമാക്കി. ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെയാണ് ഹോർമുസ് കടലിടുക്ക് അടക്കപ്പെട്ടത്. ഇതോടെ ആഗോള ഊർജ്ജ വിതരണം താറുമാറായി.

