കൊൽക്കത്ത: ട്വന്റി20 ലോകകപ്പിലെ ആദ്യ സെമി ഫൈനലിൽ ദക്ഷിണാഫ്രിക്കയെ തകർത്തെറിഞ്ഞ് ന്യൂസിലൻഡ് ഫൈനലിൽ കടന്നു. ഈഡൻ ഗാർഡൻസിൽ നടന്ന ആവേശപ്പോരാട്ടത്തിൽ ഒമ്പത് വിക്കറ്റിനായിരുന്നു കിവികളുടെ വിജയം (Finn Allen fastest T20 World Cup century). ഫിൻ അലന്റെ വെടിക്കെട്ട് സെഞ്ചുറിയാണ് ദക്ഷിണാഫ്രിക്ക ഉയർത്തിയ 170 റൺസ് എന്ന വിജയലക്ഷ്യം വെറും 12.5 ഓവറിൽ മറികടക്കാൻ ന്യൂസിലൻഡിനെ സഹായിച്ചത്. ടി20 ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ സെഞ്ചുറി എന്ന റെക്കോർഡ് കുറിച്ചാണ് ഫിൻ അലൻ കളം വിട്ടത്. വെറും 33 പന്തിലാണ് അലൻ നൂറിലെത്തിയത്. പത്ത് ബൗണ്ടറികളും എട്ട് സിക്സറുകളും അടങ്ങുന്നതായിരുന്നു ആ ഇന്നിംഗ്സ്.
അലനൊപ്പം മികച്ച പിന്തുണ നൽകിയ ടിം സൈഫർട്ട് 58 റൺസുമായി (4 ഫോർ, 2 സിക്സ്) തിളങ്ങി. രചിൻ രവീന്ദ്ര 13 റൺസെടുത്തു. ദക്ഷിണാഫ്രിക്കയ്ക്കായി കഗീസോ റബാഡ ഒരു വിക്കറ്റ് നേടി. ടൂർണമെന്റിൽ ഇതുവരെ തോൽവിയറിയാതെ എത്തിയ ദക്ഷിണാഫ്രിക്കയ്ക്ക് ഈഡൻ ഗാർഡൻസിൽ ബാറ്റിംഗ് തകർച്ചയോടെയായിരുന്നു തുടക്കം. 77 റൺസിന് അഞ്ച് വിക്കറ്റ് എന്ന നിലയിൽ പതറിയ അവരെ മാർക്കോ യാൻസനും ട്രിസ്റ്റൻ സ്റ്റബ്സും ചേർന്നാണ് ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
രണ്ടാം സെമിയിൽ ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടും. ഈ മത്സരത്തിലെ വിജയികളാകും ഫൈനലിൽ ന്യൂസിലൻഡിന്റെ എതിരാളികൾ.
Story Summary:
New Zealand secured their spot in the T20 World Cup final by crushing South Africa by nine wickets in the first semi-final at Eden Gardens. Finn Allen scripted history by scoring the fastest T20 World Cup century in just 33 balls, helping the Kiwis chase down 170 runs in only 12.5 over. Despite Marco Jansen’s fighting 55, South Africa’s unbeaten run ended. New Zealand now awaits the winner of the India-England semi-final.

