ഇസ്ലാമാബാദ്: പാകിസ്താനിലെ നിലവിലെ സുരക്ഷാ സാഹചര്യം മുൻനിർത്തി ഇസ്ലാമാബാദിലെ യുഎസ് എംബസിയും ലാഹോർ, കറാച്ചി എന്നിവിടങ്ങളിലെ കോൺസുലേറ്റുകളും എല്ലാ വിസ അപ്പോയിന്റ്‌മെന്റുകളും റദ്ദാക്കി (US Cancels Visa Appointments Pakistan). മാർച്ച് 6 വെള്ളിയാഴ്ച വരെയാണ് ഈ നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുന്നത്. ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതിനെത്തുടർന്ന് കറാച്ചിയിലെ യുഎസ് കോൺസുലേറ്റിന് നേരെ നടന്ന പ്രതിഷേധ പ്രകടനങ്ങൾക്കിടെയുണ്ടായ വെടിവെപ്പിൽ പത്തോളം പേർ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നുണ്ടായ സംഘർഷാവസ്ഥ പരിഗണിച്ചാണ് വിസ സേവനങ്ങൾ താൽക്കാലികമായി നിർത്തിവെക്കാൻ അധികൃതർ തീരുമാനിച്ചത്.
ഇറാൻ-ഇസ്രായേൽ യുദ്ധം പശ്ചിമേഷ്യ കടന്ന് പാകിസ്താൻ ഉൾപ്പെടെയുള്ള അയൽരാജ്യങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ സൂചനയായാണ് ഈ പ്രതിഷേധങ്ങളെ വിലയിരുത്തുന്നത്. ഇറാന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ടതിൽ പ്രതിഷേധിച്ച് പാകിസ്താനിലെ വിവിധ നഗരങ്ങളിൽ അമേരിക്കയ്ക്കും ഇസ്രായേലിനും എതിരെ വലിയ ജനരോഷമാണ് ഉയരുന്നത്. കറാച്ചി കോൺസുലേറ്റ് ആക്രമിക്കാൻ ശ്രമിച്ച പ്രതിഷേധക്കാർക്ക് നേരെ സുരക്ഷാ ഉദ്യോഗസ്ഥർ വെടിയുതിർത്തത് സ്ഥിതിഗതികൾ കൂടുതൽ വഷളാക്കി. ഇതോടെ ഇസ്ലാമാബാദിലെ യുഎസ് നയതന്ത്ര കാര്യാലയങ്ങൾക്ക് ചുറ്റും സുരക്ഷ കർശനമാക്കിയിട്ടുണ്ട്.
പശ്ചിമേഷ്യയിലെ യുദ്ധം കാരണം വിമാന സർവീസുകൾ മുടങ്ങിയതും വ്യോമപാതകൾ അടച്ചതും ലക്ഷക്കണക്കിന് പ്രവാസി മലയാളികളെ ഇതിനോടകം ബാധിച്ചിട്ടുണ്ട്. ഖത്തറിലെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെയും ദോഹ വിമാനത്താവളത്തിന് നേരെയും ഇറാൻ നടത്തിയ ആക്രമണങ്ങൾ പ്രവാസികളുടെ സുരക്ഷയിൽ വലിയ ആശങ്കയുണ്ടാക്കി. ഒമാൻ തീരത്ത് എണ്ണക്കപ്പലിന് നേരെ ഉണ്ടായ ആക്രമണത്തിൽ ഒരു ഇന്ത്യൻ നാവികൻ കൊല്ലപ്പെട്ടത് വലിയ വാർത്തയായി. യുദ്ധം വരും ആഴ്ചകളിലും തുടരുമെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രസ്താവനയും എണ്ണവില വർദ്ധനവും ആഗോള സാമ്പത്തിക മേഖലയെ തകർക്കുകയാണ്. ഇതിനിടെ പാകിസ്താനിലെ ഈ പുതിയ സംഭവവികാസങ്ങൾ മേഖലയിലെ അസ്ഥിരത വർദ്ധിപ്പിക്കുന്നു.

