ബെയ്റൂട്ട്: ഹിസ്ബുള്ളയുടെ പുതിയ സെക്രട്ടറി ജനറൽ നയീം ഖാസിമിനെ ഇല്ലാതാക്കാനുള്ള പട്ടികയിൽ ഉൾപ്പെടുത്തിയതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്‌സ് പ്രഖ്യാപിച്ചു (Israel Target Hezbollah Chief Naim Qassem). ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ വധത്തിന് പ്രതികാരമായി ഹിസ്ബുള്ള ഇസ്രായേലിന് നേരെ മിസൈൽ-ഡ്രോൺ ആക്രമണം നടത്തിയതിന് പിന്നാലെയാണിത്. ലബനനിൽ ഇസ്രായേൽ നടത്തിയ പ്രത്യാക്രമണങ്ങളിൽ ഇതുവരെ 31 പേർ കൊല്ലപ്പെടുകയും 149 പേർക്ക് പരിക്കേൽക്കുകയും ചെയ്തതായി ലബനൻ ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചു.
ഹസ്സൻ നസ്‌റള്ളയുടെ വധത്തിന് ശേഷം ഒക്ടോബർ 29-നാണ് നയീം ഖാസിം ഹിസ്ബുള്ളയുടെ തലവനായി ചുമതലയേറ്റത്. ഹൈഫയിലെ സൈനിക താവളം ലക്ഷ്യം വെച്ച് ഹിസ്ബുള്ള നടത്തിയ ആക്രമണത്തിന് പിന്നാലെ, ബെയ്റൂട്ടിലെ ദാഹിയ ഉൾപ്പെടെയുള്ള ഹിസ്ബുള്ള കേന്ദ്രങ്ങളിൽ ഇസ്രായേൽ ശക്തമായ ബോംബാക്രമണം നടത്തി. ഇതിനിടെ ഹിസ്ബുള്ളയുടെ പാർലമെന്ററി വിഭാഗം തലവൻ മുഹമ്മദ് റാദ് കൊല്ലപ്പെട്ടത് സംഘടനയ്ക്ക് വലിയ തിരിച്ചടിയായി. യുദ്ധം വരും ആഴ്ചകളിലും തുടരുമെന്ന ട്രംപിന്റെ പ്രസ്താവനയും മേഖലയെ കൂടുതൽ ഭീതിയിലാഴ്ത്തുന്നു.

