തിരുവനന്തപുരം: ഇസ്രയേൽ–ഇറാൻ സംഘർഷത്തെ തുടർന്ന് പ്രവാസി കേരളീയർക്കും അവരുടെ കുടുംബാംഗങ്ങൾക്കുമായി മുഖ്യമന്ത്രിയുടെ നിർദേശാനുസരണം ആരംഭിച്ച നോർക്ക 24 മണിക്കൂർ പ്രത്യേക ഹെൽപ്‌ഡെസ്ക് പ്രവർത്തനം തുടരുന്നു. 2026 മാർച്ച് 1, ഞായറാഴ്ച രാവിലെ 11:30 വരെയുള്ള കണക്കുകൾ പ്രകാരം ആകെ 381 കോളുകളാണ് ഹെൽപ്‌ഡെസ്കിൽ ലഭിച്ചത്.(Israel-Iran conflict, NORKA helpdesk active for expatriates, 381 calls received so far)
വിദേശത്തുനിന്നും 137 പേരും രാജ്യത്തിനകത്തുനിന്ന് 244 പേരും ഹെൽപ്‌ഡെസ്കുമായി ബന്ധപ്പെട്ടു. സംഘർഷം തുടരുന്ന സാഹചര്യത്തിൽ ഹെൽപ്‌ഡെസ്കിന്റെ സേവനം ഇനിയും തുടരുമെന്ന് അധികൃതർ അറിയിച്ചു. ഹെൽപ്‌ഡെസ്കിലേക്ക് എത്തിയ വിളികളിൽ ഭൂരിഭാഗവും വിമാനങ്ങളുടെ നിലവിലെ സ്ഥിതി, റദ്ദാക്കലുകൾ, യാത്രാ നിർദേശങ്ങൾ എന്നിവയടക്കം അറിയാനുള്ളതായിരുന്നു.
യുദ്ധമേഖലയിലെ സുരക്ഷാ മുൻകരുതലുകൾ, ഗൾഫ് മേഖലയിൽ നിന്നുള്ള ഒഴിപ്പിക്കൽ സാധ്യതകളും യാത്രാ സുരക്ഷയും എന്നിവയെക്കുറിച്ചും ഇവർ വാചാലരായി. കേന്ദ്ര-സംസ്ഥാന സർക്കാരുകൾ നൽകുന്ന സ്ഥിരീകരിച്ച വിവരങ്ങൾ പ്രവാസികളിലേക്ക് എത്തിക്കുകയും അടിയന്തര സാഹചര്യങ്ങളിൽ സഹായങ്ങൾ ഏകോപിപ്പിക്കുകയുമാണ് ഹെൽപ്‌ഡെസ്കിന്റെ ലക്ഷ്യം. ഇതിനായി നോർക്ക റൂട്ട്സ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം, വിവിധ രാജ്യങ്ങളിലെ ഇന്ത്യൻ എംബസികൾ, ലോക കേരള സഭാംഗങ്ങൾ, പ്രവാസി സംഘടനകൾ എന്നിവയുമായി നിരന്തരം ബന്ധപ്പെട്ടുവരുന്നു.
ലഭിച്ച എല്ലാ പരാതികളും അന്വേഷണങ്ങളും ഔദ്യോഗികമായി രജിസ്റ്റർ ചെയ്തിട്ടുണ്ട്. സംഘർഷമേഖലയിലുള്ള പ്രവാസികൾ ഔദ്യോഗിക സ്രോതസ്സുകളിൽ നിന്നുള്ള വിവരങ്ങൾ മാത്രം പിന്തുടരണമെന്ന് നോർക്ക അഭ്യർത്ഥിച്ചു. പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കും ഏതു സമയത്തും താഴെ പറയുന്ന നമ്പറുകളിൽ സഹായത്തിനായി ബന്ധപ്പെടാവുന്നതാണ്:
അന്താരാഷ്ട്ര മിസ്ഡ് കോൾ സർവീസ് +91-8802012345
ഇന്ത്യയ്ക്കകത്തുനിന്നുള്ള ടോൾ ഫ്രീ നമ്പർ 1800 425 3939

