ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ അന്ത്യം കുറിച്ച ‘ഓപ്പറേഷൻ എപ്പിക് ഫ്യൂറി’യുടെ കൂടുതൽ നിർണ്ണായക വിവരങ്ങൾ പുറത്തുവന്നു. ഖമേനിയുടെ മൃതദേഹത്തിന്റെ ചിത്രങ്ങൾ ഇസ്രായേൽ രഹസ്യാന്വേഷണ വിഭാഗം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനും പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനും കൈമാറി. ഈ ചിത്രങ്ങൾ കണ്ട് മരണം സ്ഥിരീകരിച്ച ശേഷമാണ് ട്രംപ് ലോകത്തെ വിവരമറിയിച്ചതെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.(Trump and Netanyahu reportedly saw pictures of Khamenei’s body)
ഇറാനിലെ മുതിർന്ന രാഷ്ട്രീയ-സൈനിക ഉദ്യോഗസ്ഥരുടെ മൂന്ന് പ്രധാന യോഗങ്ങൾ ഒരേസമയം നടക്കുന്നു എന്ന കൃത്യമായ ഇന്റലിജൻസ് വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ആക്രമണം ആസൂത്രണം ചെയ്തത്. രാത്രിയിലെ നിഴൽ യുദ്ധത്തിന് കാത്തുനിൽക്കാതെ, ലക്ഷ്യങ്ങൾ കൃത്യമായി തിരിച്ചറിഞ്ഞ് പകൽ വെളിച്ചത്തിൽ തന്നെ ആക്രമണം നടത്താൻ അമേരിക്കയും ഇസ്രായേലും തീരുമാനിക്കുകയായിരുന്നു.
ഖമേനിയുടെ വസതിക്കും സമുച്ചയത്തിനും നേരെ ആദ്യ മിനിറ്റുകളിൽ തന്നെ 30 അത്യാധുനിക ബോംബുകൾ വർഷിച്ചു. ഈ പ്രഹരത്തിൽ സമുച്ചയം പൂർണ്ണമായും തകർന്നു. ആക്രമണത്തിന് തൊട്ടുമുമ്പ് തന്റെ സഹായി അലി ഷംഖാനി, സെക്യൂരിറ്റി കൗൺസിൽ സെക്രട്ടറി അലി ലാരിജാനി എന്നിവരുമായി ഖമേനി കൂടിക്കാഴ്ച നടത്തുകയായിരുന്നു. അലി ഷംഖാനിയും വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു.
ഖമേനിയെ മാത്രം ലക്ഷ്യം വെച്ചുള്ള നീക്കമായിരുന്നില്ല ഇത്. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളും ഈ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഖമേനിയുടെ മകൾ, പേരക്കുട്ടി, മരുമകൻ, മരുമകൾ എന്നിവർ അവശിഷ്ടങ്ങൾക്കിടയിൽ മരിച്ചു കിടക്കുന്നതായാണ് വിവരം. ഇതുവരെ ഖമേനിയുൾപ്പെടെ 40 മുതിർന്ന ഇറാനിയൻ ഉദ്യോഗസ്ഥർ കൊല്ലപ്പെട്ടതായി കണക്കാക്കപ്പെടുന്നു.
ആക്രമണം ഇസ്രായേൽ വിമാനങ്ങൾ നടത്തിയതാണെങ്കിലും ഇതിന്റെ ഏകോപനത്തിന് പിന്നിൽ അമേരിക്കയുടെ കരുത്തുറ്റ ഇന്റലിജൻസ് സംവിധാനമായിരുന്നുവെന്ന് ട്രംപ് വ്യക്തമാക്കി. നിലവിൽ ടെഹ്‌റാനിലെ തകർന്ന വസതിയുടെ ഉപഗ്രഹ ചിത്രങ്ങൾ പുറത്തുവന്നിട്ടുണ്ട്.

