കൊളംബോ: ടി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരെ നാടകീയ വിജയം സ്വന്തമാക്കിയിട്ടും പാകിസ്താന് കണ്ണീരോടെ മടക്കം (Pakistan vs Sri Lanka T20 World Cup 2026). റൺറേറ്റിലെ പോരാട്ടത്തിൽ ന്യൂസിലൻഡിനോട് തോറ്റതാണ് പാക് പടയ്ക്ക് തിരിച്ചടിയായത്. പാകിസ്താൻ ഉയർത്തിയ 213 റൺസ് പിന്തുടർന്ന ശ്രീലങ്ക 207 റൺസെടുത്ത് പോരാടി തോറ്റു. ഇതോടെ ഈ ഗ്രൂപ്പിൽ നിന്ന് ഇംഗ്ലണ്ടിന് പിന്നാലെ കിവീസ് സെമി ടിക്കറ്റ് ഉറപ്പിച്ചു. സെമിയിലെത്താൻ പാകിസ്താന് ശ്രീലങ്കയെ 147 റൺസിൽ താഴെ ഒതുക്കി 65 റൺസിനെങ്കിലും ജയിക്കണമായിരുന്നു. എന്നാൽ 16-ാം ഓവറിൽ ലങ്ക 147 കടന്നതോടെ തന്നെ പാകിസ്താൻ പുറത്താവുകയും ന്യൂസിലൻഡ് സെമിയിൽ പ്രവേശിക്കുകയും ചെയ്തു.
ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 212 റൺസെടുത്തു. ഓപ്പണർമാരായ സഹിബ്‌സാദ ഫർഹാൻ (59 പന്തിൽ 100), ഫഖർ സമാൻ (42 പന്തിൽ 84) എന്നിവരുടെ വെടിക്കെട്ട് പ്രകടനമാണ് പാകിസ്താനെ കൂറ്റൻ സ്കോറിലെത്തിച്ചത്. ഒന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 176 റൺസാണ് അടിച്ചുകൂട്ടിയത്.
213 റൺസ് ലക്ഷ്യവുമായി ഇറങ്ങിയ ലങ്കയ്ക്ക് തുടക്കത്തിൽ വിക്കറ്റുകൾ നഷ്ടമായെങ്കിലും പവൻ രത്‌നായകെ (58), ക്യാപ്റ്റൻ ദാസുൻ ഷണക എന്നിവർ പൊരുതി. ഷണകയുടെ തകർപ്പൻ ബാറ്റിംഗ് പാകിസ്താനെ ഒരു ഘട്ടത്തിൽ തോൽവിയുടെ അരികിലെത്തിച്ചു. അവസാന ഓവറിൽ ജയിക്കാൻ 28 റൺസ് വേണമെന്നിരിക്കെ ഷഹീൻ അഫ്രീദിക്കെതിരെ ഷണക മൂന്ന് സിക്സറുകളും ഒരു ഫോറും പറത്തി. എന്നാൽ അവസാന രണ്ട് പന്തിൽ റണ്ണെടുക്കാൻ കഴിയാതെ വന്നതോടെ ലങ്ക 207-6 എന്ന നിലയിൽ പോരാട്ടം അവസാനിപ്പിച്ചു.
ഇംഗ്ലണ്ട് ആറ് പോയിന്റോടെ നേരത്തെ തന്നെ സെമി ഉറപ്പിച്ചിരുന്നു. മൂന്ന് പോയിന്റുള്ള ന്യൂസിലൻഡിനെ മറികടക്കാൻ മൂന്ന് പോയിന്റ് തന്നെ ലഭിച്ച പാകിസ്താന് റൺറേറ്റിൽ സാധിച്ചില്ല. ലങ്കയെ വലിയ മാർജിനിൽ തോൽപ്പിക്കുക എന്ന ലക്ഷ്യം പരാജയപ്പെട്ടതാണ് പാകിസ്താന് വിനയായത്.
Story Summary: Pakistan has been knocked out of the T20 World Cup despite a 5-run win over Sri Lanka in their final Super 8 match. To qualify for the semi-finals on net run rate, Pakistan needed to restrict Sri Lanka under 147 runs, but the Islanders crossed that mark in the 16th over, ensuring New Zealand’s spot in the semis. Sahibzada Farhan scored a brilliant century (100) and Fakhar Zaman made 84 for Pakistan. Dasun Shanaka’s late blitz for Sri Lanka kept the chase alive until the final ball.

