തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ സി.പി.ഐ.എം തിരുവനന്തപുരം ജില്ലാ സെക്രട്ടറി വി. ജോയ് വർക്കലയിൽ മത്സരിക്കുന്നതിനെതിരെ പാർട്ടിയുടെ സംസ്ഥാന നേതൃത്വം രംഗത്തെത്തി (V Joy Varkala Candidacy). സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനാണ് ഇക്കാര്യത്തിൽ കർശന നിലപാട് സ്വീകരിച്ചിരിക്കുന്നത്. സംഘടനാപരമായ സങ്കീർണ്ണതകൾ നിലനിൽക്കുന്ന തിരുവനന്തപുരം ജില്ലയിൽ, വി. ജോയിയെപ്പോലെ പരിചയസമ്പന്നനായ ഒരു നേതാവിനെ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറ്റി മറ്റൊരാളെ കണ്ടെത്തുന്നത് നിലവിലെ സാഹചര്യത്തിൽ പ്രായോഗികമല്ലെന്നാണ് നേതൃത്വത്തിന്റെ വിലയിരുത്തൽ.
വർക്കലയിൽ ഇതിനോടകം രണ്ട് ടേം പൂർത്തിയാക്കിയ വി. ജോയിക്ക് പകരം മറ്റൊരു സ്ഥാനാർത്ഥിയെ കണ്ടെത്താൻ സംസ്ഥാന നേതൃത്വം ജില്ലാ ഘടകത്തോട് നിർദ്ദേശിച്ചു. കഴിഞ്ഞ ദിവസം ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ ജോയിയുടെ പേര് ഉയർന്നുവന്നപ്പോൾ തന്നെ സംസ്ഥാന നേതൃത്വം ആശങ്ക അറിയിച്ചിരുന്നു. ജില്ലാ സെക്രട്ടറി തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കുമ്പോൾ സംഘടനാ പ്രവർത്തനങ്ങൾ തടസ്സപ്പെടുമെന്ന ഭയമാണ് നേതൃത്വത്തിന്. ഇന്നത്തെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഇക്കാര്യത്തിൽ എടുക്കുന്ന തീരുമാനം നിർണ്ണായകമാകും.
അതേസമയം, നിയമസഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാർത്ഥി നിർണ്ണയം ചർച്ച ചെയ്യാൻ സി.പി.ഐ.എം സംസ്ഥാന സെക്രട്ടേറിയറ്റ് ഇന്ന് വിശദമായ ചർച്ചകൾ നടത്തുന്നുണ്ട്. ജില്ലാ ഘടകങ്ങൾ സമർപ്പിച്ച പട്ടികയിലെ തർക്കങ്ങൾ പരിഹരിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. വിജയസാധ്യതയ്ക്ക് മുൻതൂക്കം നൽകി രണ്ട് ടേം വ്യവസ്ഥയിൽ ഇളവ് നൽകുന്നത് സംബന്ധിച്ചും യോഗത്തിൽ ധാരണയാകും. കെ.കെ. ശൈലജയുടെ സ്ഥാനാർത്ഥിത്വം, ഘടകകക്ഷികളുമായുള്ള സീറ്റ് വിഭജനം എന്നിവയും ഇന്നത്തെ യോഗത്തിന്റെ അജണ്ടയിലുണ്ട്. അടുത്തയാഴ്ച അവസാനം ചേരുന്ന സംസ്ഥാന സമിതി യോഗത്തിലായിരിക്കും സ്ഥാനാർത്ഥി പട്ടികയ്ക്ക് അന്തിമ അംഗീകാരം നൽകുക.

