ന്യൂഡൽഹി: ഇന്ത്യൻ ആകാശസീമയുടെ കാവലാളായ എസ്-400 ‘സുദർശൻ’ ലോംഗ് റേഞ്ച് മിസൈൽ സംവിധാനത്തിന്റെ കരുത്ത് വിളിച്ചോതുന്ന വീഡിയോ ദൃശ്യങ്ങൾ ഇന്ത്യൻ വ്യോമസേന പുറത്തുവിട്ടു. സൈനിക ചരിത്രത്തിൽ ഇതുവരെ രേഖപ്പെടുത്തിയിട്ടുള്ളതിൽ വെച്ച് ഏറ്റവും ദൂരപരിധിയിലുള്ള ലക്ഷ്യത്തെ തകർത്തുകൊണ്ട് ഇന്ത്യ പുതിയ റെക്കോർഡ് കുറിച്ചതായാണ് റിപ്പോർട്ട്. രാജസ്ഥാനിലെ പൊഖ്‌റാനിൽ നടക്കാനിരിക്കുന്ന ‘വായു ശക്തി-2026’ അഭ്യാസപ്രകടനത്തിന് മുന്നോടിയായാണ് ഈ ആവേഭരിതമായ ദൃശ്യങ്ങൾ സേന പുറത്തുവിട്ടത്.(Indian Air Force demonstrates the strike capability of the S-400 ‘Sudarshan’ long-range missile system)
റഡാറുകൾ ശത്രുലക്ഷ്യത്തെ തിരിച്ചറിയുന്നതും സെക്കന്റുകൾക്കുള്ളിൽ മിസൈൽ കുതിച്ചുയർന്ന് ലക്ഷ്യസ്ഥാനം ചാരമാക്കുന്നതും വീഡിയോയിൽ വ്യക്തമാണ്. 2025 മെയ് മാസത്തിൽ നടന്ന ‘ഓപ്പറേഷൻ സിന്ദൂർ’ എന്ന സൈനിക നീക്കത്തിനിടെ പാക് അതിർത്തിക്കുള്ളിൽ ഏകദേശം 300 കിലോമീറ്റർ ദൂരെയുള്ള ലക്ഷ്യത്തെ സുദർശൻ മിസൈൽ കൃത്യമായി തകർത്തിരുന്നതായി ഉദ്യോഗസ്ഥർ വെളിപ്പെടുത്തി.
ശത്രു ലക്ഷ്യങ്ങൾ കണ്ണിൽപ്പെട്ടില്ലെങ്കിലും സുദർശൻ ചക്രത്തിന്റെ പരിധിക്ക് പുറത്തല്ല എന്നാണ് ഇതിലൂടെ വ്യോമസേന നൽകുന്ന സന്ദേശം. റഷ്യൻ സാങ്കേതികവിദ്യയിൽ നിർമ്മിച്ച എസ്-400 ട്രയംഫ് സംവിധാനത്തെ ഇന്ത്യയിൽ ‘സുദർശൻ’ എന്നാണ് പുനർനാമകരണം ചെയ്തിരിക്കുന്നത്. യുദ്ധവിമാനങ്ങൾ, ഡ്രോണുകൾ, ക്രൂയിസ്-ബാലിസ്റ്റിക് മിസൈലുകൾ എന്നിവയെ ആകാശത്തുവെച്ച് തന്നെ തകർക്കാൻ ഇതിന് ശേഷിയുണ്ട്. ഇതിലെ 40N6 മിസൈലുകൾക്ക് 400 കിലോമീറ്റർ വരെ ദൂരപരിധിയുണ്ട്. 600 കിലോമീറ്റർ ദൂരെയുള്ള ശത്രുനീക്കങ്ങൾ വരെ നിരീക്ഷിക്കാൻ ഇതിന്റെ നൂതന റഡാറുകൾക്ക് സാധിക്കും. ഒരേസമയം നിരവധി ലക്ഷ്യങ്ങളെ പിന്തുടരാനും ആക്രമിക്കാനും ഇതിന് കഴിയും.

